ജമ്മുകാശ്മീരിൽ അപകടത്തിൽ മരിച്ച സൈനികന് നാടിന്റെ യാത്രാമൊഴി

Tuesday 18 June 2024 8:19 PM IST

കുന്നത്തൂർ: ജമ്മുകാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് ജന്മനാടിന്റെ യാത്രാമൊഴി. കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ് (48) മരിച്ചത്. മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം. മഹോർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രി എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക അധികൃതർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്. ശാസ്താംകോട്ടയിൽ നിന്ന് 9 ഓടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലധികം വീട്ടിൽ പൊതുദർശനത്തിന് വച്ചു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ എൻ.ദേവീദാസ് റീത്ത് സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എംഎൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി, വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് 10.30ഓടെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മക്കളായ രമ്യ വിജയൻ, ഭവ്യ വിജയൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിലാണ് അവസാനമായി നാട്ടിലെത്തിയത്.

Advertisement
Advertisement