കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിൽ

Wednesday 19 June 2024 4:49 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒഴിയാൻ തീരുമാനിച്ച വയനാട് ലോക് സഭാ മണ്ഡലത്തിൽ അനുജത്തി പ്രിയങ്കാഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയാവും. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക (52) ആദ്യമായാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത്.

റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി രാഷ്ട്രീയ കാരണങ്ങളാൽ ആ മണ്ഡലം നിലനിറുത്തണമെന്ന് തിങ്കളാഴ്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന നേതൃയോഗം തീരുമാനിക്കുകയായിരുന്നു. പ്രിയങ്കയെ വയനാട്ടിലെ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

യോഗത്തിൽ സോണിയയും രാഹുലും പ്രിയങ്കയും കെ.സി.വേണുഗോപാലും പങ്കെടുത്തു. ഏതു മണ്ഡലം നിലനിറുത്തുമെന്ന് ഇന്നലെ ലോക് സഭാ സെക്രട്ടേറിയറ്റിനെ അറിയിക്കണമായിരുന്നു.

വളരെ ബുദ്ധിമുട്ടുള്ള തീരുമാനമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വയനാട്ടുകാർക്ക് താനും പ്രിയങ്കയും പ്രതിനിധികളായുണ്ടാകുമെന്ന് രാഹുൽ പറഞ്ഞു.ജൂലായ് രണ്ടാം വാരം പ്രിയങ്ക വയനാട് സന്ദർശിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാത്തുനിൽക്കാതെ മണ്ഡലത്തിൽ സജീവമാകും.

വയനാട്ടിലെ ജനങ്ങളോടുള്ള മമത നിലനിറുത്താനും

രാഹുൽ നേടിയ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കാനും പ്രിയങ്ക മത്സരിക്കണമെന്ന് യോഗം വിലയിരുത്തി. ഇന്ത്യ സഖ്യത്തിനും കേരളത്തിൽ യു.ഡി.എഫിനും അത് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

Advertisement
Advertisement