ബംഗാളിലെ ട്രെയിൻ അപകടത്തിൽ 10 മരണം

Wednesday 19 June 2024 4:18 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എക്സ് പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 50 പേർ ചികിത്സയിലാണ്.

അസാമിലെ സിൽചറിൽ നിന്ന്കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻ ജംഗ എകസ്പ്രസിനു പിന്നിൽ അതേ ട്രാക്കിൽ വന്ന ചരക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു.

ജയ്പാൽഗുഡി സ്റ്റേഷൻ കടന്നുപോയ ട്രെയിനുകളാണ് തിങ്കളാഴ്ച രാവിലെ 8.50ന് അപകടത്തിൽപ്പെട്ടത്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റൻ്റ് പൈലറ്റും എക്സ്പ്രസ് ട്രെയിനിന്റെ ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഓട്ടമാറ്റിക് സിഗ്നലിംഗ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നു വ്യക്തമായിട്ടും കാഞ്ചൻജംഗ കടന്നുപോയ അതേ ട്രാക്കിലൂടെ ഗുഡ്സിനു പോകാൻ സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശം നൽകിയിരുന്നു. മുന്നിൽ പോയ ട്രെയിൻ ട്രാക്ക് കടന്നുപോയിരിക്കും എന്ന് സ്റ്റേഷൻ മാസ്റ്റർ കരുതിയിരിക്കാമെന്നാണ് അനുമാനം.

ഓട്ടോമാറ്റിക് സിംഗ്നലിംഗ് തകരാറിലാകുന്ന സാഹചര്യത്തിൽ ടി.എ 912 എന്ന രേഖാമൂലമുള്ള ക്ലിയറൻസ് നൽകാറുണ്ട്. ഇതനുസരിച്ച്, റെഡ് സിഗ്നലിന് മുമ്പ് ഒരു മിനിട്ട് നിറുത്തി, 10 കിലോമീറ്റർ വേഗതയിൽ പോകാൻ ട്രെയിനുകൾക്ക് അനുമതി നൽകിയെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇത് ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാലിച്ചില്ല. അന്വേഷണം​ പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെമാത്രം കുറ്റക്കാരനാക്കാൻ അനുവദിക്കില്ലെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Advertisement
Advertisement