'ഇടുക്കി ഒരു മിടുക്കി" പദ്ധതിയ്ക്ക് സഹായമേകി നടൻ മോഹൻലാൽ

Wednesday 19 June 2024 1:25 AM IST

തൊടുപുഴ: വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഇടുക്കി ഒരു മിടുക്കി" പദ്ധതിയുമായി സഹകരിച്ച് നടൻ മോഹൻലാൽ സ്ഥാപകനായ വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും. തൊടുപുഴ മൂൺലിറ്റിൽ നടന്ന ചടങ്ങ് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാളിതുവരെ ചെയ്ത സഹായങ്ങളും പ്രവർത്തനങ്ങളും മോഹൻലാൽ വിവരിച്ചു. വിശ്വശാന്തി ഫൗണ്ടേഷൻ കട്ടപ്പന അഞ്ചുരുളിയിൽ നിർമ്മാണം പൂർത്തിയാക്കിയ ലൈബ്രറിയുടെ താക്കോലും വയോജനങ്ങൾക്കുള്ള ഡയപ്പറുകളും മോഹൻലാൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജിന് കൈമാറി. തങ്ങളാൽ കഴിയുന്ന രീതിയിൽ സമൂഹത്തിന് കൈത്താങ്ങാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും 'ഇടുക്കി ഒരു മിടുക്കി" പദ്ധതിയുമായി ഇനിയും സഹകരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. ജില്ലാ കളക്ടർ ഷീബാജോർജ് മുഖ്യപ്രഭാഷണം നടത്തി. 'ഇടുക്കി ഒരു മിടുക്കി" പദ്ധതിയെക്കുറിച്ച് സബ് കളക്ടർ ഡോ. അരുൺ എസ്. നായരും വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ച് എം.ഡിയും സംവിധായകനുമായ മേജർ രവിയും വിശദീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ സി.എസ്.ആർ കോൺക്ലേവിനെ തുടർന്നാണ് 'ഇടുക്കി ഒരു മിടുക്കി" പദ്ധതിയുമായി മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ സഹകരിച്ചു തുടങ്ങുന്നത്. സ്‌കിൽ ഡെവലപ്‌മെന്റ്, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ഗ്രാമീണ പഠന കേന്ദ്രങ്ങൾ, മാനസിക ആരോഗ്യ പരിപാടികൾ, കരിയർ ഗൈഡൻസ്, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ് 'ഇടുക്കി ഒരു മിടുക്കി" പദ്ധതി പ്രകാരം പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഇ.വൈ.ജി.ഡി.എസ് സി.എസ്.ആർ മേധാവി വിനോദ്, വിശ്വശാന്തി ഡയറക്ടർമാരായ സജീവ്‌ സോമൻ, സ്മിതാ നായർ, ജില്ലാ പ്ലാനിങ് ഓഫീസർ ദീപാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement