പ്രമുഖ മൗത്ത് വാഷ് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തൽ, ആശങ്കയിൽ ഉപഭോക്താക്കൾ

Tuesday 18 June 2024 9:40 PM IST

ഉപഭോക്തൃലോകത്തിന് ആശങ്കയുമായി പുതിയ കണ്ടെത്തൽ. പ്രമുഖ മൗത്ത് വാഷ് ബ്രാൻഡിന്റെ ഉപയോഗം കാൻസറിലേക്ക് നയിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബൽജിയത്തിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെഡിസിൻ ഇൻ ആൻവേർപ്പിൽ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ലിസ്‌റ്ററിൻ എന്ന ബ്രാൻഡ് മൗത്ത് വാഷാണ് വില്ലൻ.

ഫ്യൂസോ ബാക്‌ടീരിയം ന്യൂക്ളിയേറ്റം, സ്ട്രെപ്‌ടോകോക്കസ് ആഞ്ചിനോസസ് എന്നീ ബാക്‌ടീരിയകളാണ് കാൻസറിന് കാരണമാകുന്നത്. ലിസ്‌റ്ററിൻ മൗത്ത് വാഷിലെ ആൽക്കഹോളിന്റെ ആധിക്യമാണ് ഈ ബാക്‌ടീരിയകളെ സൃഷ്‌ടിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ക്രിസ് കന്യോണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. മറ്റുചില രോഗങ്ങളും ഇതേ മൗത്ത് വാഷ് കാരണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ക്രിസ് കന്യോൺ പറയുന്നത്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. മൗത്ത് വാഷ് കൂടിയേ തീരൂ എന്ന് നിർബന്ധമുള്ളവർ ആൽക്കഹോൾ കണ്ടന്റ് കുറഞ്ഞത് തിരഞ്ഞെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

59 പേരിലാണ് പരീക്ഷണം നടത്തിയത്. മൂന്ന് മാസത്തേക്ക് ദിവസേനെ ലിസ്‌റ്ററിൻ ഇവരിൽ ഉപയോഗിക്കപ്പെട്ടു. തുടർന്നാണ് ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

നേരത്തെ നടത്തിയ പല പഠനങ്ങളിലും മൗത്ത് വാഷുകൾ കാൻസറിന് കാരണമാകുന്നുവെന്ന് നിഗമനത്തിലെത്തിയിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരിൽ തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് കാൻസർ ബാധിക്കുന്നതായി കണ്ടെത്തിയത്.

Advertisement
Advertisement