പൊലീസുകാർക്കായുള്ള കമ്മിറ്റിയിൽ നിന്ന് സംഘടനാപ്രതിനിധികൾ പുറത്ത്

Wednesday 19 June 2024 12:51 AM IST

ചേർത്തല:അയവില്ലാത്ത ജോലിയും വർദ്ധിക്കുന്ന സമ്മർദ്ദവും മൂലം പൊലീസ് സേനാംഗങ്ങൾ അനുഭവിക്കുന്ന മാനസീക സമർദ്ദങ്ങൾ പരിഹരിച്ച് വ്യക്തിജീവിതവും കുടുംബ ജീവിതവും മെച്ചെടുത്താനും മാർഗ നിർദ്ദേശങ്ങൾ നൽകാനും ജില്ലാ പൊലീസ് മേധാവി ചെയർമാനായി രൂപീകരിച്ച കമ്മിറ്റിയിൽ താഴെതട്ടിലുള്ള പൊലീസ് അംഗങ്ങളെ ഉൾപ്പെടുത്താത്തതിൽ സേനയിൽ അമർഷം. പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം ജോലി,കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിച്ച് 17നാണ് ഉത്തരവിറങ്ങിയത്. അഡീഷണൽ എസ്.പിയാണ് നോഡൽ ഓഫീസർ. ഡെപ്യൂട്ടി കമാൻഡന്റും,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും ജില്ലയിലെ അഞ്ച് ഡിവൈ.എസ്.പിമാരും ജില്ലാ മെഡിക്കൽ ഓഫീസർ,ഐ.എം.എ പ്രതിനിധി,വുമൺ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി തുടങ്ങിയവരാണ് അംഗങ്ങൾ. എന്നാൽ എസ്.ഐമുതൽ താഴോട്ട് സി.പി.ഒ വരെയുള്ളവരാണ് ജോലിയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടുന്നതും മരണത്തിന് കീഴടങ്ങിയതും. ജില്ലയിൽ ആകെയുള്ള രണ്ടായിരത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയോ,ആയിരത്തോളം വരുന്ന ഓഫീസേഴ്സിന്റെയോ ഒരു പ്രതിനിധിയെ പോലും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന പൊലീസ് മേധാവി രൂപീകരിച്ച കമ്മിറ്റിയിൽ സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തിയെന്നതാണ് വിരോധാഭാസം. മാത്രമല്ല മേലുദ്യോഗസ്ഥർ അടങ്ങിയ കമ്മിറ്റിയിൽ അവർക്ക് മുന്നിൽ എത്ര സേനാംഗങ്ങൾ തങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളും ദുരിതങ്ങളും തുറന്നു പറയാൻ തയ്യാറാകുമെന്നതാണ് കണ്ടറിയേണ്ടത്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആലപ്പുഴ ജില്ലക്കാരായ മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്.

Advertisement
Advertisement