മാലിന്യക്കൂമ്പാരത്തിൽ വെള്ളി കെട്ടിയശംഖ്

Tuesday 18 June 2024 9:55 PM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ മാലിന്യക്കൂമ്പാരത്തിൽ വെള്ളി കെട്ടിയ ശംഖ് കാണപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി. ക്ഷേത്രത്തിൽ 3 സ്വർണം കെട്ടിയ ശംഖും, ഒരു വെള്ളി കെട്ടിയ ശംഖും ആണ് ഉള്ളതെന്നും അത് ക്ഷേത്രത്തിൽ തന്നെ ഉണ്ടെന്നും ദേവസ്വം ജീവനക്കാർ വിജിലൻസിനെ അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൽ നിന്ന് കിട്ടിയ ശംഖ് അമ്പലപ്പുഴ ക്ഷേത്രത്തിലേതല്ലെന്നാണ് ജീവനക്കാരുടെ മൊഴി

ഞായറാഴ്ചയാണ് ക്ഷേത്ര ദർശനത്തിനെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ കാക്കാഴം സ്വദേശിയായ വേണു ക്ഷേത്രത്തിന്റെ വലിയ വാട്ടർ ടാങ്കിന് വടക്കുവശത്ത് ചപ്പുചവറുകൾക്കിടയിൽ ശംഖ് കണ്ടത്. വർഷങ്ങളുടെ പഴക്കമുള്ള വെള്ളി കെട്ടിയ ശംഖ് അലങ്കാരപ്പണികൾ ചെയ്തതാണ്. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ പതക്കം കാണാതാകുകയും സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ചില ഭാഗങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. നിരവധി വില പിടിപ്പുള്ള പൂജാ സാധനങ്ങളും ഇങ്ങനെ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ഭക്തർ പറയുന്നത്. ക്ഷേത്രത്തിലെ സ്റ്റോക്ക് എടുത്തപ്പോഴും പൂജാ സാധനങ്ങളിലും, ആഭരണങ്ങളിലും കുറവ് കണ്ടെത്തിയിരുന്നു.

Advertisement
Advertisement