ട്രംപ് പ്രസിഡന്റായപ്പോൾ വിജയിച്ചത് മോദിയാണ്, പക്ഷേ ബൈഡൻ ശത്രുവായതിന് പിന്നിൽ

Tuesday 18 June 2024 10:11 PM IST

മനുഷ്യൻ ശൈശവം മുതൽ ബാല്യം വരെ ജീവിതത്തിന്റെ ഏഴു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് പറഞ്ഞത് ഷേക്‌സ്പിയർ ആണ്. ഇതിൽ ഏതു ഘട്ടത്തിലാണ് താങ്കളെന്ന് ടി.പി. ശ്രീനിവാസനോടു ചോദിച്ചാൽ, ഞാൻ ഇപ്പോഴും വിശ്രമിക്കാൻ ഇഷ്ടപ്പെടാത്ത കർമ്മനിരതനായ മദ്ധ്യവയസ്കനാണ് എന്നാകും ഉത്തരം! 37 വർഷത്തോളം വിവിധ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, എൺപതിന്റെ നിറവിലാണ്. കർമ്മമണ്ഡലത്തിലെ ഉദ്വേഗജനകമായ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസു തുറക്കുന്നു.

 ജീവിതത്തിന്റെ ഏറിയ ഭാഗവും ചെലവിട്ടത് നയതന്ത്ര

രംഗത്താണ്. മടുപ്പു തോന്നിയിട്ടില്ലേ?

ഓരോ ദിവസവും ഓരോ പുതിയ അനുഭവമായിരുന്നു. എൺപതിലേക്കു കടക്കുന്നതും പുതിയ അനുഭവമാണല്ലോ. അതിനാൽ മടുപ്പു തോന്നില്ല. സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഓരോ ദിവസവും എഴുത്തും പ്രഭാഷണങ്ങളുമായി 16 മണിക്കൂറെങ്കിലും ചെലവിടുന്നു. പല ഭാഷകൾ അറിയാമെങ്കിലും എനിക്ക് 'നോ"യുടെ ഭാഷ അറിയില്ലെന്ന് പരിചയക്കാർ പറയും. നയതന്ത്രത്തിലും ജീവിതത്തിലും ആ കഴിവ് അനുഗ്രഹമായി. വിരമിച്ച ശേഷം വഹിച്ച ചുമതലകളും 'നോ" പറയാനറിയാതെ ഏറ്റെടുത്തതാണ്. അതിൽ കുറ്റബോധമില്ല.

സിവിൽ സർവീസ് എന്നാൽ ഐ.എ.എസ് മാത്രമാണെന്ന്

വ്യാഖ്യാനിപ്പിക്കപ്പെട്ട കാലത്താണല്ലോ ഐ.എഫ്.എസ് തിരഞ്ഞെടുത്തത്...

ഞാൻ ഒരു അംബാസഡർ ആകണമെന്ന് ആദ്യം എന്നോടു പറയുന്നത് അച്ഛൻ പരമേശ്വരൻ പിള്ളയാണ്. പന്ത്രണ്ടുകാരനായ ഞാൻ അന്നുവരെ ആകെ കേട്ടിട്ടുള്ളത് അംബാസഡർ കാറുകളെപ്പറ്റിയാണ്. അച്ഛനോട് കാര്യകാരണങ്ങൾ തിരക്കാൻ ഭയമായിരുന്നതിനാൽ 'അംബാസഡർ ആയിക്കോളാ"മെന്ന് നിരുപാധികം സമ്മതിച്ചു. ഫോറിൻ സർവീസ് പരീക്ഷ ഒന്നാമതായി വിജയിച്ച, ഞങ്ങളുടെ നാട്ടുകാരൻ കൂടിയായിരുന്ന ശങ്കരപ്പിള്ളയായിരുന്നു റോൾ മോഡൽ. യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി മാർ ഇവാനിയോസിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കെ ആദ്യ ചാൻസിൽത്തന്നെ സിവിൽ സർവീസിൽ ആറാം റാങ്ക് കിട്ടി ഐ.എഫ്.എസിലേക്കു പ്രവേശിച്ചു.

 ഐ.എഫ്.എസിന്റെ പകിട്ട് മലയാളികൾ മനിസിലാക്കിയിട്ടില്ലെന്ന്

തോന്നുന്നുണ്ടോ?

പലർക്കും ഐ.എഫ്.എസിനെപ്പറ്റി വേണ്ടത്ര അറിവില്ല. സിവിൽ സർവീസിൽ ഏറ്റവും ആവേശം നിറഞ്ഞ

തൊഴിലന്തരീക്ഷം ഐ.എഫ്.എസിനാണ്. ഓരോ മൂന്നുവർഷവും പുതിയ രാജ്യങ്ങൾ, മനുഷ്യർ,ഭക്ഷണം... കുടുംബത്തെയും വിവാഹത്തെയും പറ്റിയുള്ള ആശങ്കകളാണ് പെൺകുട്ടികളെ പിന്നോട്ടു വലിക്കുന്നത്. അവർക്കും രക്ഷിതാക്കൾക്കും ഐ.എഫ്.എസിന്റെ മേന്മയെപ്പറ്റി ക്ലാസുകളെടുക്കാറുണ്ട്. വിരമിച്ച ശേഷം സിവിൽ സർവീസിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. എൻ.എസ്.എസ് അക്കാഡമി ഒഫ് സിവിൽ സ‌ർവീസസ് ഡയറക്ടറായതും അതുകൊണ്ടാണ്.

 ഏതു രാജ്യത്ത് പ്രവർത്തിക്കുമ്പോഴായിരുന്നു കൂടുതൽ വെല്ലുവിളികൾ?

പ്രവർത്തിച്ച രാജ്യങ്ങളിലെല്ലാം ചെറുതും വലുതുമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അത് ഭാഗ്യമായി കരുതുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. അന്ന് ഞാൻ ഫിജിയിൽ ഹൈകമ്മിഷണറാണ്. അന്നവിടെ ഇന്ത്യൻ വംശജർക്ക് മേധാവിത്വമുണ്ടായിരുന്ന സർക്കാർ, പട്ടാള അട്ടിമറിയിലൂടെ താഴെയിറക്കപ്പെട്ടു. പട്ടാളഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് രാജീവ് ഗാന്ധി തീർത്തുപറഞ്ഞു. നയതന്ത്രബന്ധം വഷളായി. ഇന്ത്യക്കാർക്കായി നിലകൊണ്ട എന്നെ അവിടെനിന്ന് പുറത്താക്കി. 10 വർഷത്തിനു ശേഷമാണ് ഫിജിയിൽ ജനാധിപത്യം പുനഃസ്ഥാപിച്ചത്.

പണ്ട് പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ ഇന്നത്തെ ഫിജി പ്രധാനമന്ത്രിയായ സിതിവേനി റബൂക്ക പിന്നീടുണ്ടായ കൂടിക്കാഴ്ചയിൽ രാജ്യത്ത് ജനാധിപത്യം കൊണ്ടുവരാൻ ഇന്ത്യയുടെ പരിശ്രമം സഹായിച്ചതായി അംഗീകരിച്ചു. കെനിയയിൽ ഹൈകമ്മിഷണറായിരിക്കെ പ്രതിപക്ഷ കക്ഷികളുടെ ആക്രമണമുണ്ടായി. തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർ പ്രതിപക്ഷത്തിന് പണം കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അന്ന് വലതുകാൽ ഒടിഞ്ഞ് ആശുപത്രിയിൽ കിടന്നപ്പോഴും,​ തെറ്റ് ചെയ്തിട്ടില്ലെന്ന ബോദ്ധ്യമുള്ളതിനാൽ ഭയം തോന്നിയില്ല.

 ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകുകയാണ്. ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം?

ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ ജനാധിപത്യ രാജ്യങ്ങൾക്ക് പരസ്പര സഹകരണത്തിനുള്ള വേദിയാണ് ക്വാഡ്. ചൈനയ്ക്കെതിരെയുള്ള ആയുധമെന്നതിലുപരി ഇന്തോ- പസഫിക്ക് മേഖലയുടെ സുരക്ഷയ്ക്കും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ക്വാഡ് ഉപയോഗിക്കാം. കൊവിഡ് കാലത്ത് ഏഷ്യ- പസഫിക്ക് രാജ്യങ്ങളിൽ വാക്സിനുകൾ എത്തിക്കാനുൾപ്പെടെ ക്വാഡ് മുൻകൈയെടുത്തു. ക്വാഡിനെ ഒരു മിലിട്ടറി സഖ്യമാക്കാനാണ് യു.എസ് ആഗ്രഹിക്കുന്നത്. എന്നാൽ, ചൈനയുമായി അതിർത്തി പങ്കിടുന്നതിനാൽ നമുക്കത് ഒരിക്കലും അംഗീകരിക്കാനാവില്ല.

 ചൈനയെ ഭയപ്പെടേണ്ടതുണ്ടോ?

ചൈനയെ ആദ്യ ശത്രുവായിത്തന്നെ കണക്കാക്കണം. ചൈന കൂടുതൽ ശക്തിപ്രാപിക്കുന്നതു കൊണ്ടാണല്ലോ നാം യു.എസുമായി കൂടുതൽ അടുക്കുന്നത്. അവരുടെ സേന നമ്മുടേതിനെക്കാൾ പതിന്മടങ്ങ് ശക്തമാണ്. എല്ലാ കാലത്തും ഇന്ത്യയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ ആഗ്രഹം. ലഡാക്കിൽ റോഡ് പണിയുന്നതും.അരുണാചലിലെ നഗരങ്ങളുടെ പേരുകൾ മാറ്റുന്നതും ഇതേ ലക്ഷ്യം കൊണ്ടാണ്. അവരെ നേരിടാനുള്ള തരത്തിലേക്ക് നാം വളർന്നിട്ടില്ല.

 യു.എസ്- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടോ?

ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദർശിച്ചത് വലിയ നേട്ടമായിരുന്നു. ജെറ്റ് എൻജിൻ വരെ നൽകാമെന്ന തരത്തിലേക്ക് സൗഹൃദം വളർന്നു. എന്നാൽ ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം മോദി സർക്കാരിനോട് യു.എസ് ശത്രുതാ മനോഭാവം വച്ചുപുലർത്തുകയാണ്. ഇവിടെയുള്ളത് ഏകാധിപത്യഭരണമാണെന്നും ഇന്ത്യക്കാരെല്ലാം ജയിലിൽ ആണെന്നുമുള്ള വാർത്തകളാണ് പരക്കുന്നത്. ഇവ പ്രചരിപ്പിക്കുന്നതിലധികവും ഇന്ത്യക്കാർ തന്നെയാണ്.

 ഉന്നതവിദ്യാഭ്യസ കൗൺസിൽ ഉപാദ്ധ്യക്ഷനായിരുന്നപ്പോൾ വിദേശ സർവകലാശാലകളെ അനുകൂലിച്ചതിന് പഴി കേട്ടു. ഇന്നത് സർക്കാർ ബഡ്ജറ്റിലൂടെ കൊണ്ടുവന്നല്ലോ...

അദ്ധ്യാപക പരിശീലനം, അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം എന്നിവയടക്കം

16 നിർദ്ദേശങ്ങളാണ് അന്ന് മുന്നോട്ടുവച്ചത്. എന്നാൽ, സ്വാശ്രയ കോളേജുകളും വിദേശ സർവകലാശാലകളും കൊണ്ടുവരുന്ന നിർദ്ദേശം മാത്രമാണ് അവർ കേട്ടത്. ഞാൻ സി.ഐ.എ ഏജന്റാണെന്നു വരെ ആരോപണമുയർന്നു. കോവളത്തു വച്ച് എസ്.എഫ്.ഐയുടെ ആക്രമണം നേരിട്ടിട്ടും ആരെയും കുറ്റപ്പെടുത്താതെ ചിരിച്ചുകൊണ്ടാണ് പുറത്തുവന്നത്. ഇക്കുറി ബഡ്‌ജറ്റിൽ വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്തതല്ലാതെ മറ്റു പുരോഗതികളില്ല. ന്യൂ എഡ്യുക്കേഷൻ പോളിസിയിലെ(എൻ.ഇ.പി) വിപ്ലവാത്മകമായ നിർദ്ദേശങ്ങളെ സർക്കാർ പൂർണമായും മനസിലാക്കിയിട്ടില്ല.


 വലിയൊരു നഷ്ടമായിരുന്നു ഭാര്യയുടെ മരണം...

ലേഖയുടെ മരണം ജീവിതത്തിന്റെ താളം തെറ്റിച്ചു. വല്ലാത്തൊരു ശൂന്യത കുമിഞ്ഞുകൂടാൻ തുടങ്ങി. അതിനെ അതിജീവിക്കാനാണ് കൂടുതൽ തിരക്കുകളിലേക്കു പോകുന്നത്. എങ്കിലും ഇനിയൊന്നും ചെയ്യാനില്ല എന്ന ചിന്ത ഇതുവരെ വന്നിട്ടില്ല.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നല്ലോ.

ഗവർണർ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ടോ?

പദവികളൊന്നും പ്രതീക്ഷിച്ചല്ല പ്രചാരണത്തിനിറങ്ങിയത്. നരേന്ദ്രമോദി ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായിരുന്നു. സാങ്കേതികവിദ്യയിൽ പരിജ്ഞാനമുള്ള, നാടിനെ സേവിക്കാൻ സന്നദ്ധനായ രാജീവ് ചന്ദ്രശേഖറിനെപ്പോലൊരാൾ ജയിക്കാത്തതിൽ നിരാശയുണ്ട്. കഴിഞ്ഞ തിരഞ്ഞെടപ്പിൽ ശശി തരൂരിനെ പിന്തുണച്ചെങ്കിലും അദ്ദേഹം എം.പി എന്ന നിലയിൽ പരാജയമായിരുന്നു. എനിക്ക് ശരിയെന്നു തോന്നിയത് മാത്രമാണ് ചെയ്തത്. ആരും എന്നെ അതിന് വിമർശിച്ചിട്ടുമില്ല.

 ജന്മദിനത്തിൽ ആഗ്രഹിക്കുന്ന സമ്മാനം?

സ‌ർവീസിലെ അനുഭവങ്ങൾ കോർത്തിണക്കി 'ഡിപ്ലോമസി ലിബറേറ്റഡ്" എന്ന പുസ്തകം ജന്മദിനത്തിൽ പുറത്തിറങ്ങുകയാണ്. നാളെ ദുബായിലും 23-ന് തിരുവനന്തപുരത്തും പ്രകാശനം ചെയ്യും. ദുബായിയിലെ ചടങ്ങ് കോൺസുൽ ജനറലാണ് പ്രകാശനം ചെയ്യുന്നത്. മകൻ ശ്രീകാന്തും ഒപ്പമുണ്ടാകും. മൂത്ത മകൻ ശ്രീനാഥ് യു.എസിലായതിനാൽ എത്താനാവില്ല.

തിരുവനന്തപുരം 'ഹൈസിന്തി"ൽ ശ്രീചിത്തിരതിരുനാൾ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പുസ്തകം പ്രകാശനം ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. എന്റെ പുസ്തകം വാങ്ങുന്നതും വായിക്കുന്നതുമാണ് ജന്മദിനത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം. പുസ്തകത്തിലൂടെ സമാഹരിക്കുന്ന പണം കരുണ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. എൺപതാം വയസിൽ കൂടുതൽ ആഗ്രഹങ്ങൾ പാടില്ലല്ലോ...

Advertisement
Advertisement