20,​000 കോടിയുടെ കിസാൻ നിധി കൈമാറി, ലോകമാകെ ഇന്ത്യൻ ഭക്ഷ്യ ഉത്പന്നം ലക്ഷ്യം: മോദി

Wednesday 19 June 2024 1:11 AM IST

ന്യൂഡൽഹി: ലോകമെമ്പാടും തീൻ മേശകളിൽ ഒരു ഇന്ത്യൻ ഭക്ഷ്യ ഉത്പന്നമെങ്കിലും ഉണ്ടാകുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ വാരാണസിയിൽ കിസാൻ സമ്മാൻ നിധിയുടെ (പി.എം കിസാൻ) ഗുണഭോക്താക്കൾക്ക് 20,000 കോടി രൂപയിലധികം കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17-ാം ഗഡു ഇനത്തിൽ 9.26 കോടിഗുണഭോക്താക്കൾക്കാണ് പണം കൈമാറിയത്.

സ്വയം സഹായ സംഘങ്ങളിലെ (എസ്.എച്ച്.ജി) 30,000ത്തിലധികം സ്ത്രീകൾക്ക് 'കൃഷി സഖി" സർട്ടിഫിക്കറ്റ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. 'പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വാരാണസിയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയായി.

21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിൽ കാർഷിക ആവാസവ്യവസ്ഥയ്‌ക്ക് മുഖ്യ പങ്കുണ്ട്. പയർവർഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വാശ്രയത്വം വേണം. ഇന്ത്യ പ്രധാന കാർഷിക കയറ്റുമതി രാജ്യമാകണം. നിലവിൽ പ്രാദേശിക ഉത്പന്നങ്ങൾ ആഗോള വിപണിയിലെത്തുന്നുണ്ട്"-മോദി പറഞ്ഞു.

വികസിത ഇന്ത്യയുടെ നെടുംതൂണുകളായ കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ എന്നിവർക്ക് താൻ നൽകുന്ന പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു.

സർക്കാരിന്റെ ആദ്യ തീരുമാനം കർഷകർക്കും ദരിദ്ര കുടുംബങ്ങൾക്കും വേണ്ടിയാണെന്ന് ഓർമ്മിപ്പിച്ചു.

11 സംസ്ഥാനങ്ങളിലുള്ള 'കൃഷി സഖി പദ്ധതി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്വയം സഹായ സംഘങ്ങളെ ബന്ധിപ്പിക്കുമെന്നും മൂന്ന് കോടി 'ലക്ഷപതി ദീദികളെ" സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി.

ജനങ്ങൾക്ക് നന്ദി
തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞായിരുന്നു മോദി സംസാരിച്ചുതുടങ്ങിയത്.

ഗംഗാ മാതാവ് തന്നെ ദത്തെടുത്തതായി തോന്നുന്നു. താൻ കാശിക്കാരനായി. സർക്കാർ തുടർച്ചയായി മൂന്നാം വട്ടം തിരഞ്ഞെടുക്കപ്പെടുന്നത് ജനാധിപത്യ രാജ്യങ്ങളിൽ അപൂർവ നേട്ടമാണ്.

ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം. അത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ എന്നെ ഊർജ്ജസ്വലനാക്കുന്നു.

വാരാണസി എന്ന പൈതൃക നഗരം ലോകത്തിന് വികസനത്തിന്റെ പുതിയ കഥ പഠിപ്പിച്ചെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു. യോഗി ആദിത്യ നാഥിനൊപ്പം ഗംഗാ ആരതിയിലും മോദി പങ്കെടുത്തു.

Advertisement
Advertisement