പൊലീസുകാരന്റെ ദേഹത്ത് കൂടെ കാർ കയറ്റിയിറക്കിയ കേസിലെ പ്രതി പിടിയിൽ

Wednesday 19 June 2024 6:42 AM IST

കുന്നംകുളം: പൊലീസുകാരന്റെ ദേഹത്ത് കൂടെ കാർ കയറ്റിയിറക്കിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃത്താല ഞാങ്ങാട്ടിരി അലനാണ് (19) പിടിയിലായത്. പട്ടാമ്പിയിൽ നിന്നും ഞായറാഴ്ച ഉച്ചയോടെയാണ് യുവാവ് പൊലീസിന്റെ പിടിയിലാവുന്നത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി തൃത്താല പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.


തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശികുമാറിനെയാണ് യുവാവ് കാറിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളിയാങ്കല്ല് മംഗലം സെന്ററിൽ ശനിയാഴ്ച രാത്രി നടന്ന പൊലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് ആക്രമണം അരങ്ങേറിയത്.

പരിശോധനയ്ക്കിടെ പൊലീസ് തടഞ്ഞ കാർ അതിവേഗം പിറകോട്ട് എടുക്കുകയും അതിന് ശേഷം മുന്നോട്ട് നീങ്ങി ഗ്രേഡ് എസ്.ഐ ശശികുമാറിനെ ഇടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിന് മുകളിലൂടെ കാർ കയറ്റി ഓടിച്ച് പോവുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പിറകോട്ടെടുത്ത കാറിനും മതിലിനും ഇടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥനായ രാജീവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Advertisement
Advertisement