ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്: വീട്ടമ്മമാർ അറസ്റ്റിൽ

Wednesday 19 June 2024 6:48 AM IST

ഏറ്റുമാനൂർ : ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മാരിൽ നിന്ന് ഒരുകോടി രൂപ തട്ടിയെടുത്തവർ അറസ്റ്റിൽ. പേരൂർ 101 കവല ശങ്കരമല ഭാഗത്ത് ശങ്കരാമലയിൽ മേരി (63), കൽകുന്തൽ ചേമ്പളം കൗണ്ടി കിഴക്കേകൊഴുവനാൽ ജെസി (54) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർ സ്വദേശിനികളാണ് പരാതിക്കാർ. എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്ത് നിന്ന് തങ്ങൾക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും, സർവീസ് ചാർജായും പണം തന്നാൽ ലക്ഷക്കണക്കിന് രൂപ കമ്മിഷൻ വാഗ്ദാനം ചെയ്യുകയായിരുന്നു. പലതവണകളായാണ് വൻതുകകൾ മേടിച്ചത്. തിരികെ നൽകാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തി. എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഒമാരായ സുമിത, ലിഖിത എന്നിവരുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഉൗർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Advertisement
Advertisement