രണ്ടുകോടിയുടെ മയക്കുമരുന്ന് കച്ചവടം, കുടുങ്ങിയത് 23കാരൻ

Wednesday 19 June 2024 5:49 AM IST

പിടികൂടിയത് ബംഗളൂരുവിൽ നിന്ന്

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് വില്പനയ്ക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്ന രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ ഷാജി (23)യെ ബംഗളൂരുവിൽ നിന്നും വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഹരീഷും, ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടി.


മേയ് 19 ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുകൾ പിടി കൂടിയിരുന്നു. പൊലീസ് പരിശോധയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി.എം.എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽ.എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തു. രണ്ട് കോടിയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

ഓടി രക്ഷപ്പെട്ട രണ്ടുപേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കിയിരുന്നു.

ഇനിയും കുടുങ്ങാനുണ്ട്

ഷൈനിന്റെ കൂട്ടാളിയായ ഒരാളെ കൂടി കിട്ടാനുണ്ട്. ഇവർ രണ്ടുപേരും കോഴിക്കോട് സിറ്റിയിലെ ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും, യുവതികൾക്കും കോളേജ് വിദ്യാർത്ഥിക്കൾക്കും , ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ്.

 ഷൈൻ ഷാജി നാട്ടിലും വീട്ടിലും

മറുരാജ്യത്ത് ജോലിക്കാരൻ

പൊലീസ് സംഘം ഷൈൻ ഷാജിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീട്ടുകാരും, നാട്ടുകാരും പറഞ്ഞത് ഷൈൻ അർമേനിയയിലാണെന്നാണ്. ഷൈൻ അർമേനിയയിൽ പോയിരുന്നെങ്കിലും നാല് മാസം അവിടെ നിന്ന് വീട്ടുകാർ അറിയാതെ കോഴിക്കോട് വന്ന് ലഹരി കച്ചവടം നടത്തുകയായിരുന്നു. പൊലീസ് അന്വേഷിച്ച് വന്നപ്പോഴാണ് മറു രാജ്യത്ത് പോയ ആൾ കോഴിക്കോട് ലഹരി മാഫിയയിലെ മുഖ്യ കണ്ണിയായി പ്രവർത്തിക്കുന്നതെന്ന് മനസിലായത്. പിടിയിലായ ഷൈനിന് മയക്ക് മരുന്ന് നൽകിയവരെപ്പറ്റിയും ആർക്കെല്ലാമാണ് വില്പന നടത്തുന്നതെന്നും അന്വേഷണം നടത്തുമെന്ന് ടൗൺ അസി. കമ്മീഷണർ കെ.ജി സുരേഷ് പറഞ്ഞു. വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ ദീപുകുമാർ, ദീപു, ഷിനിൽ, എ പ്രശാന്ത് കുമാർ,
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ,അനീഷ് മുസേൻ വീട്, അഖിലേഷ് . കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement