ബ്ളൂടൂത്ത് സ്പീക്കറിലെ നൗഷാദിന്റെ പണി ഇനി നടക്കില്ല, കൈയോടെ പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ബ്ലൂടൂത്തിന്റെ സ്പീക്കറുകൾക്കിടയിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 84 ലക്ഷത്തിലേറെ രൂപയുടെ അനധികൃത സ്വർണം എയർ കസ്റ്റംസ് പിടികൂടി.
ബഹ്റിനിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരൻ കോഴിക്കോട് സ്വദേശി നൗഷാദിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് സ്വർണമുള്ളതായി സംശയമുണ്ടായി. തുടർന്നുള്ള പരിശോധനയിലാണ് ബ്ലൂ ടൂത്ത് സ്പീക്കറിൽ രണ്ട് കഷണങ്ങളാക്കി 1350 ഗ്രാം സ്വർണം ഘടിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.
കവർച്ചക്കുറ്റത്തിന് യുവാക്കളെ പിടിച്ചപ്പോൾ പുറത്തുവന്നത് പരാതിക്കാരന്റെ 'കത്തിവീശൽ'
കൊച്ചി: മൊബൈൽഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സ്ത്രീകൾമാത്രം താമസിക്കുന്ന ലോഡ്ജിൽ അർദ്ധരാത്രിയെത്തി പരാതിക്കാരൻ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വിവരം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന തേവരസ്വദേശിയായ യുവാവ് രാത്രി ഒരുമണിയോടെയാണ് ലോഡ്ജിൽ കയറിക്കൂടിയത്. അപരിചിതനെ കണ്ടതോടെ താമസക്കാരായ സ്ത്രീകൾ ബഹളംവച്ചു. ഇതോടെ യുവാവ് കത്തിയെടുത്ത് ഇവർക്ക് നേരെ വീശുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാരായ യുവാക്കൾ സ്ത്രീകളെ രക്ഷപ്പെടുത്തി.
തുടർന്ന് ഇവർ അതിക്രമിച്ച് കടന്ന തേവരസ്വദേശിയുടെ മൊബൈൽഫോണും മറ്റും പിടിച്ചുവാങ്ങിച്ചു. പിന്നാലെ ഇയാൾ സ്ഥലംവിടുകയും ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഫോൺ പിടിച്ചുപറിച്ചെന്ന് പരാതി നൽകുകയും ചെയ്തു. നടപടി എടുക്കാൻ പൊലീസ് എത്തിയതോടെ സ്ത്രീകളുടെ രക്ഷയ്ക്കായി മുന്നിൽനിന്ന യുവാക്കൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചു. ഇതിന്റെ പേരിൽ പൊലീസും യുവാക്കളുമായി വാക്കുതർക്കമായി. ഒടുവിൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുകാട്ടി ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് യഥാർത്ഥസംഭവം പൊലീസ് അറിയുന്നത്. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിട്ടയച്ചേക്കുമെന്നാണ് വിവരം.