എളമരം കരീമിന്റെ തോൽവി അന്വേഷിക്കുമോ?- ജി.സുധാകരൻ

Wednesday 19 June 2024 1:09 AM IST

ആലപ്പുഴ : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞതിന് തനിക്കെതിരെ ഉയർന്ന പരാതിയിൽ, അന്വേഷണ കമ്മിഷനായി എത്തിയ എളമരം കരീമിനെ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ.

പതിനായിരം വോട്ടിന് മേൽ ഭൂരിപക്ഷം മണ്ഡലത്തിൽ കിട്ടിയപ്പോഴാണ് അന്വേഷണം നടത്തിയത്. സ്വന്തം നാട്ടിൽ ഒന്നര ലക്ഷത്തിനാണ് എളമരം കരീം ഇപ്പോൾ തോറ്റത്. അതിൽ അന്വേഷണം വേണ്ടേയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ജി.സുധാകരൻ ചോദിച്ചു.അമ്പലപ്പുഴയിലെ പരാതിയിലെ തെളിവെടുപ്പിൽ വസ്തുത അറിയിക്കാനെത്തിയ എട്ട് പാർട്ടി പ്രവർത്തകരെ കമ്മിഷനായ കരീം ഭീഷണിപ്പെടുത്തി..പാർട്ടിക്കകത്ത് ആരോപണം കൊണ്ടുവന്നതിന് പിന്നിൽ പ്രാദേശികമായ പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പിണറായി വിജയനുമായി ഇപ്പോൾ മാനസിക അടുപ്പമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിയിലെ പുതുതലമുറയിൽ നിന്ന് വ്യക്തിഹത്യ നേരിടേണ്ടി വരുന്നു. ഒരു പൊതുപരിപാടിക്കും പുതുതലമുറ വിളിക്കാറില്ല. വി.എസിന് അപ്പുറമൊരു നേതാവ് തനിക്ക് അന്നും ഇന്നുമില്ല.. കേരളത്തിൽ ബി.ജെ.പി ഇല്ലെന്ന് പറഞ്ഞു പഠിപ്പിച്ചതാണ് തെറ്റ്‌. ശത്രുവിന്റെ ശക്തി അറിഞ്ഞു പ്രവർത്തിക്കുന്നവനേ വിജയിക്കൂ.. കായംകുളത്തെ വോട്ടുചോർച്ച സംഭവിക്കാൻ പാടില്ലാത്തതാണ്. പരിഗണന കിട്ടിയില്ലെന്ന ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പരാതി ഗൗരവകരമാണ്. വെള്ളാപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. വെള്ളാപ്പള്ളിയോട് പാർട്ടി നേതൃത്വം ചർച്ച ചെയ്താൽ പരിഹരിക്കാൻ പറ്റാത്ത ഒരു കാര്യവുമില്ലെന്നും സുധാകരൻ പറഞ്ഞു.

ജി സുധാകരനെതിരെ എച്ച് സലാം എം.എൽ.എ

ജി.സുധാകരനെതിരെ വിമർശനവുമായി എച്ച്.സലാം എം.എൽ.എ. പൊളിറ്റിക്കൽ ക്രിമിനലുകളെന്ന ജി.സുധാകരന്റെ ആരോപണം സലാം പരോക്ഷമായി തിരിച്ചുവിട്ടു. ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് അതിന് ദോഷകരമായി പ്രവർത്തിക്കുന്നതാണ് പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു..ജി.സുധാകരൻ ചോദിച്ച ഘടകം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണ്. മുതിർന്ന നേതാവെന്ന പരിഗണന അദ്ദേഹത്തിന് നൽകാറുണ്ട്. ജില്ലയിൽ പാർട്ടിക്കുണ്ടായ ഏറ്റവും വലിയ ആഘാതം ഗൗരിഅമ്മ പുറത്തു പോയതാണ്. അതിനുള്ള മൂലകാരണം ആരാണെന്ന് പാർട്ടിയിലെ എല്ലാ നേതാക്കൾക്കും അറിയാമെന്നും എച്ച്.സലാം പറഞ്ഞു

സലാമിന്റെ പ്രതികരണത്തിന് പിന്നാലെ ജി.സുധാകരനെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. ലഹരി മാഫിയയേയും മത തീവ്രവാദികളെയും തൃപ്തിപ്പെടുത്താനാണ് സലാമിന്റെ വിമർശനമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

Advertisement
Advertisement