മാദ്ധ്യമ പരസ്യങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തൽ നിർബന്ധം

Wednesday 19 June 2024 1:12 AM IST

ന്യൂഡൽഹി: മാദ്ധ്യമ പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളില്ലെന്ന് എല്ലാ പരസ്യദാതാക്കളും ഏജൻസികളും സ്വയം സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഇന്നലെ മുതൽ നിലവിൽ വന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണിത്.

ടിവി, റേഡിയോ പരസ്യങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിലാണ് സമർപ്പിക്കേണ്ടത്. പത്ര, ഡിജിറ്റൽ/ഇന്റർനെറ്റ് പരസ്യങ്ങൾക്ക് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ പോർട്ടലിലും. പരസ്യദാതാവിന്റെ അല്ലെങ്കിൽ പരസ്യ ഏജൻസിയുടെ അംഗീകൃത പ്രതിനിധി ഒപ്പിട്ട സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്.

പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളില്ലെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളും പത്രപ്രവർത്തന മാനദണ്ഡങ്ങളും ഉൾപ്പെടെ പാലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തണം. ഈ സ്വയം സാക്ഷ്യപ്പെടുത്തൽ അപ്‌ലോഡ് ചെയ്താതെ ഒരു പരസ്യവും നൽകാനാകില്ല. സുതാര്യത, ഉപഭോക്തൃ സംരക്ഷണം, ഉത്തരവാദിത്വമുള്ള പരസ്യ രീതികൾ എന്നിവ ഉറപ്പാക്കാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷൻ ഇത് നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement