സി.പി.എം സംസ്ഥാന കമ്മിറ്റി: ഭരണ വിരുദ്ധ വികാരം ജനവിധിയിൽ പ്രതിഫലിച്ചു

Wednesday 19 June 2024 1:14 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചെന്നും പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടിൽ വിള്ളലുണ്ടായെന്നും സി.പി.എം സംസ്ഥാന സമിതിൽ വിലയിരുത്തൽ. ഈഴവ വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്കു പോയി.

മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന നായർ വോട്ടുകളിലും മറ്റ് ഹിന്ദു വോട്ടുകളിലും ചോർച്ചയുണ്ടായി. ഇതു പരിഹരിക്കാൻ വലിയ തിരുത്തലുകൾ വേണ്ടിവരുമെന്നും ഇതിനായുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിക്കണമെന്നും അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

തോൽവിയുടെ പശ്ചാത്തലത്തിൽ സമൂലമായ തിരുത്തലുകൾ സർക്കാരിലും പാർട്ടിയിലും വേണം ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇത് ഏറ്റുപറയാൻ പാർട്ടി മടിക്കരുത്. തിരഞ്ഞെടുപ്പ് തോൽവി നിസാരമായി കാണരുത്. തോൽവിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടങ്ങളിലും പരിശോധന വേണം. തെറ്റു തിരുത്തൽ താഴെത്തട്ടിൽ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ തിരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കിൽ തിരിച്ചടി ഉറപ്പാണ്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഇതിന്മേൽ നടന്ന ചർച്ചയിലാണ് അംഗങ്ങളിൽ പലരും അഭിപ്രായം പ്രകടിപ്പിച്ചത്.

ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങൾ തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചു. ജയരാജൻ നിരന്തരം വിവാദങ്ങളിൽപ്പെടുന്നു. ഉചിതമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല. വോട്ടർമാർക്കിടയിൽ ജയരാജൻ-ജാവദേക്കർ ബന്ധം ചർച്ചയായെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. തിരുത്തലുകൾ വരുത്താൻ സർക്കാരും തയാറാകണം.

ക്ഷേമപെൻഷൻ കുടിശികയായതു തിരഞ്ഞെടുപ്പിനെ ബാധിച്ചു. മൂന്നു മാസത്തെ കുടിശികയെങ്കിലും നൽകണമായിരുന്നു. സാമ്പത്തിക പരാധീനതയും കേന്ദ്ര സർക്കാർ പണം നൽകാത്തതും പ്രചരണമാക്കിയത് ഏശിയില്ല. കോളേജ്
വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായി. കാമ്പസുകളിലെ എസ്.എഫ്.ഐയുടെ പ്രവർത്തനം ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണം. ചെറുപ്പക്കാർ വിദ്യാർത്ഥി സംഘടനയെ വെറുക്കുന്ന അവസ്ഥയിലാണ്

ബി.ജെ.പി വളർച്ച ഗൗരവതരം

ബി.ജെ.പിയുടെ വളർച്ച നിസാരമായി കാണരുത്. ആലപ്പുഴയിലെയും കണ്ണൂരിലെയും തിരുവനന്തപുരത്തെയും അവരുടെ വോട്ട് ശതമാനം ഞെട്ടിപ്പിക്കുന്നതാണ്. ന്യൂനപക്ഷങ്ങൾ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലേതു പോലെ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടെടുത്തു. സി.എ.എ പ്രചരണം ഉദേശിച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല, യു.ഡി.എഫിനു ഗുണകരമാകുകയും ചെയ്തു. ഭാവിയിൽ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ ജാഗ്രത വേണം. ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കു വോട്ടു ചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നില്ലെന്ന സൂചന തിരഞ്ഞെടുപ്പിൽ കണ്ടു. ഇതു പാർട്ടിക്കും ഇടതുമുന്നണിക്കും ശുഭസൂചനയല്ല നൽകുന്നത്. വലിയ പദ്ധതികൾ തുടങ്ങാൻ കഴിയാത്തതു സർക്കാരിന്റെ പോരായ്മയാണ്. ലൈഫ് പാർപ്പിട പദ്ധതി പലയിടത്തും മുടങ്ങിക്കിടക്കുന്നു. സോഷ്യൽ മീഡിയയിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടൽ ഗുണത്തെക്കാൾ ഏറെ ദോഷമായി മാറി. ഇതു വടകരയിലും ആലപ്പുഴയിലും വ്യക്തമാണെന്നും നേതാക്കൾ വിമർശിച്ചു. സി.പി.എം സംസ്ഥാന സമിതി ഇന്നും തുടരും.

Advertisement
Advertisement