മുരളിയുടെ തോൽവിക്ക് കാരണം തമ്മിലടിയെന്ന് നേതാക്കൾ

Wednesday 19 June 2024 1:23 AM IST

തൃശൂർ: പാർട്ടിയിലെ തമ്മിലടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തെത്താൻ കാരണമെന്ന് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ഭാരവാഹികളും തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതിക്ക് മുമ്പാകെ മൊഴി നൽകിയതായി വിവരം. തിരഞ്ഞെടുപ്പ് സമിതി ചെയർമാനായിരുന്ന ടി.എൻ.പ്രതാപനെതിരെയും ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിനെതിരെയും രൂക്ഷ വിമർശമുണ്ടായെന്നും സൂചനയുണ്ട്. ഡി.സി.സി ഓഫീസിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ടും ജോസിനെതിരെ വിമർശനമുണ്ടായി.

തൃശൂരിൽ വർഷങ്ങളായി സംഘടനാ പ്രവർത്തനം സജീവമല്ലാത്തത് പാർട്ടിയെ തളർത്തിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സ്വന്തം ഗ്രൂപ്പ് വളർത്താനാണ് ചിലർ ശ്രമിച്ചത്. ഇതേത്തുടർന്ന് പ്രവർത്തകർക്ക് പാർട്ടിയോട് മതിപ്പില്ലാതായി. മുമ്പും ഗ്രൂപ്പുണ്ടായിരുന്നെങ്കിലും സംഘടനാ പ്രവർത്തനം സജീവമായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതി ഇന്നലെ രാവിലെ 11 മുതലാണ് ഡി.സി.സിയിൽ തെളിവെടുത്തത്.

ടി.എൻ.പ്രതാപനിൽ നിന്നാണ് ആദ്യം തെളിവെടുത്തത്. തൃശൂരിലെ തോൽവിയെ പറ്റിയായിരുന്നു സമിതിയംഗങ്ങൾ പ്രധാനമായും ചോദിച്ചതെങ്കിലും മറ്റു വിഷയങ്ങൾ ചൂണ്ടിക്കാട്ടാനും അനുവദിച്ചിരുന്നു. പ്രവർത്തകർക്ക് പരാതി എഴുതി നൽകാനും അവസരം നൽകി. ജോസ് വള്ളൂർ, മുതിർന്ന നേതാക്കൾ എന്നിവരിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ സന്നിഹിതനായിരുന്നെങ്കിലും തെളിവെടുപ്പിൽ പങ്കെടുത്തില്ല. ഉച്ചവരെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, ഉച്ചകഴിഞ്ഞ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 14 ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരിൽ നിന്നുമാണ് മൊഴിയെടുത്തത്.

Advertisement
Advertisement