സി.പി.ഐ തിരഞ്ഞെടുപ്പ് അവലോകനം അടുത്തമാസം, വിമർശനങ്ങൾക്ക് മൂർച്ചകൂടും

Wednesday 19 June 2024 1:30 AM IST

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ജൂലായ് എട്ടിനും സംസ്ഥാന കൗൺസിൽ യോഗം 9,10 തീയതികളിലും നടക്കും. ജില്ലാ കൗൺസിൽ യോഗങ്ങൾ നടന്നുവരികയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ യോഗങ്ങളിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും സി.പി.ഐയ്ക്കും ഏറ്റ തിരിച്ചടി സംസ്ഥാന കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവയ്ക്കും. ജൂലായ് 12ന് ദേശീയ എക്സിക്യൂട്ടീവും 14,15 തീയതികളിൽ ദേശീയകൗൺസിലും ചേരുന്നുണ്ട് .

ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെൻഷനുകളും മുടങ്ങിയതും സപ്ളൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടായതും ജില്ലാ കൗൺസിൽ യോഗങ്ങളിൽ കടുത്ത വിമർശനത്തിന് കാരണമായി. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ വോട്ടെടുപ്പ് ദിവസം നടത്തിയ തുറന്നുപറച്ചിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ യാത്രയിൽ പങ്കെടുക്കാതെ, ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തതുമെല്ലാം എൽ.ഡി.എഫിന് തിരിച്ചടിയായെന്ന വിമർശനമാണ് മൂന്ന് ജില്ലകളിലും ഉയർന്നത്.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് വിമർശന വിധേയമായ മറ്റൊരു കാര്യം. സർക്കാരിനെതിരായ വിമർശനം ജില്ലാ കൗൺസിൽ യോഗങ്ങളിൽ ഉണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്.

വയനാട്ടിൽ ആനിരാജ വീണ്ടും ?

പ്രിയങ്കഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് വ്യക്തമായെങ്കിലും സി.പി.ഐ സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ചകളിലേക്ക് കടന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമേ ചർച്ച തുടങ്ങൂ. ആനിരാജയ്ക്ക് തന്നെയാവും വീണ്ടും സാദ്ധ്യത. മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ സാദ്ധ്യത കുറവെന്നാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Advertisement
Advertisement