'അയാള്‍ എന്റെ പിന്നില്‍ കയറി പിടിച്ചു', ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി

Tuesday 18 June 2024 11:42 PM IST

തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അവിക ഗോര്‍ രംഗത്ത്. ഹിന്ദി സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും പിന്നീട് സിനിമ രംഗത്ത് എത്തിച്ചേരുകയും ചെയ്ത താരമാണ് അവിക ഗോര്‍. തന്റെ ബോഡിഗാര്‍ഡില്‍ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

ഒരു പരിപാടിയില്‍ പങ്കെടുക്കാനായി അവിടെ വേദിയിലേക്ക് നടക്കുമ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് നടി പറയുന്നത്. അയാളുടെ പ്രവര്‍ത്തി തന്നെ ഞെട്ടിച്ചുവെന്നും അവിക വെളിപ്പെടുത്തി.

വേദിയിലേക്ക് നടക്കുമ്പോള്‍ ആരോ പിന്നില്‍ നിന്ന് ആവര്‍ത്തിച്ച് സ്പര്‍ശിക്കുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടുവെന്നാണ് നടിയുടെ വാക്കുകള്‍. താന്‍ തിരിഞ്ഞ് നോക്കിയിട്ടും അയാള്‍ പിന്നെയും സ്പര്‍ശിച്ചുവെന്നും നടി പറയുന്നു. എന്തൊരു നാണക്കേടാണ് ഇതെന്ന് അയാളുടെ മുഖത്ത് നോക്കി ചോദിച്ചുവെന്നും എന്ത് എന്നായിരുന്നു അയാളുടെ മറുപടിയെന്നും നടി പറയുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം അയാള്‍ കുറച്ച് കഴിഞ്ഞ് തന്റടുത്ത് വന്നു. മുമ്പ് ചെയ്ത പ്രവര്‍ത്തിക്ക് മാപ്പ് ചോദിച്ചായിരുന്നു ബോഡിഗാര്‍ഡ് ഇത്തവണ വന്നത്. ക്ഷമ ചോദിച്ചതുകൊണ്ട് താന്‍ അത് വിട്ടുവെന്നും അല്ലാതെ മറ്റെന്ത് പറയാനാണെന്നും നടി ചോദിക്കുന്നു.

അങ്ങനെ ഒരു സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോഴായിരുന്നുവെങ്കില്‍ ഉറപ്പായും അയാളെ തല്ലുമായിരുന്നുവെന്നുമാണ് അവിക ഗോര്‍ പറഞ്ഞത്. ഇത്തരം മോശം സംഭവങ്ങള്‍ ഇനിയൊരിക്കലും തനിക്ക് നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

Advertisement
Advertisement