പണവും ഫോണും പിടിച്ചുപറിച്ചെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി, അന്വേഷിച്ചപ്പോൾ കഥ മാറി, കൊച്ചിയിലെ സംഭവം ഇങ്ങനെ

Wednesday 19 June 2024 12:00 AM IST

കൊച്ചി: മൊബൈൽഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സ്ത്രീകൾമാത്രം താമസിക്കുന്ന ലോഡ്ജിൽ അർദ്ധരാത്രിയെത്തി പരാതിക്കാരൻ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വിവരം. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന തേവരസ്വദേശിയായ യുവാവ് രാത്രി ഒരുമണിയോടെയാണ് ലോഡ്ജിൽ കയറിക്കൂടിയത്. അപരിചിതനെ കണ്ടതോടെ താമസക്കാരായ സ്ത്രീകൾ ബഹളംവച്ചു. ഇതോടെ യുവാവ് കത്തിയെടുത്ത് ഇവർക്ക് നേരെ വീശുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാരായ യുവാക്കൾ സ്ത്രീകളെ രക്ഷപ്പെടുത്തി. തുടർന്ന് ഇവർ അതിക്രമിച്ച് കടന്ന തേവരസ്വദേശിയുടെ മൊബൈൽഫോണും മറ്റും പിടിച്ചുവാങ്ങിച്ചു. പിന്നാലെ ഇയാൾ സ്ഥലംവിടുകയും ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഫോൺ പിടിച്ചുപറിച്ചെന്ന് പരാതി നൽകുകയും ചെയ്തു.

നടപടി എടുക്കാൻ പൊലീസ് എത്തിയതോടെ സ്ത്രീകളുടെ രക്ഷയ്ക്കായി മുന്നിൽനിന്ന യുവാക്കൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചു. ഇതിന്റെ പേരിൽ പൊലീസും യുവാക്കളുമായി വാക്കുതർക്കമായി. ഒടുവിൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുകാട്ടി ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് യഥാർത്ഥസംഭവം പൊലീസ് അറിയുന്നത്. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിട്ടയച്ചേക്കുമെന്നാണ് വിവരം.

Advertisement
Advertisement