ലോക്‌സഭാ സ്‌പീക്കർ: സമവായം തേടി ബി.ജെ.പി

Wednesday 19 June 2024 12:59 AM IST

ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനം നിലനിറുത്താനും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും ഡൽഹിയിൽ ചേർന്ന എൻ.ഡി.എ യോഗത്തിൽ ധാരണ. 17-ാം ലോക്‌സഭയിലെ സ്‌പീക്കർ ഓം ബിർളയ്‌ക്ക് രണ്ടാം വട്ടവും അവസരം ലഭിച്ചേക്കും. അതേസമയം ഡെപ്യൂട്ടി സ്‌പീക്കർ പദവി നൽകുമെങ്കിൽ ബി.ജെ.പി സ്‌പീക്കർ എന്ന നിർദ്ദേശം അനുസരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ മാസം 26നാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്.

പ്രതിപക്ഷവുമായി ഉരസലുകളുണ്ടായെങ്കിലും രണ്ടാം മോദി സർക്കാരിനെ നിർണായക ഘട്ടങ്ങളിൽ സഹായിച്ച ഓം ബിർളയെ സ്‌പീക്കർ സ്ഥാനത്ത് നിലനിറുത്താനാണ് ബി.ജെ.പി നീക്കമെന്നാണ് സൂചന. ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ബിർളയുടെ ഡൽഹി വസതിയിൽ ചർച്ച നടത്തിരുന്നു. ഇക്കാര്യത്തിൽ എൻ.ഡി.എ കക്ഷികൾക്കിടെ ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ട്.

മന്ത്രിസഭാ രൂപീകരണ ചർച്ചയിൽ സ്‌പീക്കർ പദവി ആവശ്യപ്പെട്ട ടി.ഡി.പിയെ ബി.ജെ.പി പിന്നീട് മയപ്പെടുത്തിയിരുന്നു. എന്നാൽ ആന്ധ്രാ പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ മകളുമായ ഡി. പുരന്ദേശ്വരിയെ അവർ നിർദ്ദേശിച്ചിരുന്നു. ജെ.ഡി.യുവിന് പ്രത്യേക ഡിമാൻഡില്ല. ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിക്ക് സ്‌പീക്കർ പദവി എടുക്കാൻ അർഹതയുണ്ടെന്ന് പാർട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു.

ലോക്‌സഭാ സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷികളുമായും പ്രതിപക്ഷ പാർട്ടികളുമായും സമവായത്തിലെത്താനുള്ള ഉത്തരവാദിത്വം ബി.ജെ.പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം സ്ഥാനാർത്ഥിയെ നിർത്തിയേക്കും.

സ്പീക്കർ സ്ഥാനം ഭരണപക്ഷത്തിനും ഡെപ്യൂട്ടി സ്പീക്കർ പ്രതിപക്ഷത്തിനും നൽകുന്നതാണ് കീഴ്‌വഴക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. ബി.ജെ.പി പാർലമെന്ററി പാരമ്പര്യം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16-ാം ലോക്‌സഭയിൽ അണ്ണാ ഡി.എം.കെയ്‌ക്ക് ഡെപ്യൂട്ടി സ്‌പീക്കർ പദവി നൽകിയ ബി.ജെ.പി 17-ാം ലോക്‌സഭയിൽ പദവി ഒഴിച്ചിട്ടിരുന്നു.

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി 26ന് നിർദ്ദേശിക്കും. 24ന് തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്‌പീക്കർ തിരഞ്ഞെടുപ്പുമാണ് മുഖ്യ അജൻഡ.

Advertisement
Advertisement