സ്റ്റേറ്റ് കാറിൽ ക്ളിഫ് ഹൗസിലേക്ക്, മടക്കം ടാക്സിയിൽ

Wednesday 19 June 2024 1:04 AM IST

തിരുവനന്തപുരം: മന്ത്രിയെന്ന നിലയിൽ മൂന്നുവർഷത്തെ ഔദ്യോഗികജീവിതത്തിന് വിരാമമിട്ട് കെ.രാധാകൃഷ്‌ണൻ ഇന്നലെ മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ 22ന് ഡൽഹിക്ക് പോകും.

ഇന്നലെ രാവിലെ പത്തിന് എ.കെ.ജി സെന്ററിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തശേഷം അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തി.

തുടർന്ന് ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളും നോളജ് സിറ്റി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യാനായി 12.30 ഓടെ മണ്ണന്തലയിലെ അംബേദ്കർ ഭവനിലേക്ക് . മന്ത്രിയെന്ന നിലയിൽ അവസാനത്തെ ചടങ്ങായിരുന്നു അംബേദ്കർ ഭവനിലേത്.

മടങ്ങി ഔദ്യോഗിക വസതിയിലെത്തിയ അദ്ദേഹം മൂന്ന് മണിക്ക് ഔദ്യോഗിക വാഹനത്തിൽ ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ചായ കഴിച്ചശേഷം മടക്കം സ്വകാര്യ വാഹനത്തിൽ. തുടർന്ന് നിയമസഭയിലെത്തി നിയമസഭാംഗമെന്ന നിലയിൽ സ്‌പീക്കർക്ക് രാജി സമർപ്പിച്ചു. വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ എ.കെ.ജി സെന്ററിലേക്ക്.

രണ്ട് ദിവസത്തിനകം ഔദ്യോഗിക വസതിയൊഴിയും. പുതിയ മന്ത്രി സ്ഥാനമേൽക്കുന്നതുവരെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്കായിരിക്കും. മനുഷ്യസാദ്ധ്യമായതെല്ലാം വകുപ്പിനും പാവപ്പെട്ടവർക്കും വേണ്ടി ചെയ്തശേഷമാണ് സ്ഥാനമൊഴിയുന്നതെന്ന് കെ.രാധാകൃഷ‌്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement