 കൊലയ്ക്ക് ദർശനെ പ്രേരിപ്പിച്ചത് പവിത്രയുടെ ചോദ്യം അശ്ലീല സന്ദേശം അയച്ചയാളെ എന്ത് ചെയ്‌തു

Wednesday 19 June 2024 1:09 AM IST

ബംഗളൂരു: കന്നട നടൻ ദർശൻ ഉൾപ്പെട്ട കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 33കാരനായ രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതും കുറ്റകൃത്യത്തിന് ദർശനെ പ്രേരിപ്പിച്ചതും നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയെന്ന് പൊലീസ്. നിങ്ങൾ സൂപ്പർതാരമാണെന്ന് അവകാശപ്പെടുമ്പോഴും എനിക്ക് അശ്ലീല സന്ദേശമയച്ചയാളെ നിങ്ങൾ എന്തു ചെയ്തു എന്ന് പവിത്ര ദർശനോട് ചോദിച്ചെന്നും ഇതാണ് ദർശനെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയത്. കാമാക്ഷി പാളയത്തുള്ള ദർശന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെത്തിച്ച് രേണുകാസ്വാമിയെ

മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഫോൺ ലഭിച്ചില്ല

മൂന്ന് ദിവസമായി രേണുകസ്വാമിയുടെ ഫോണിനായി സുമ്മനഹള്ളിയിലെ അപ്പാർട്ട്‌മെന്റിന് സമീപമുള്ള അഴുക്കുചാലിൽ പൊലീസ് തെരച്ചിൽ നടത്തുകയാണ്. സന്ദേശങ്ങൾ അടങ്ങിയ പവിത്ര ഗൗഡയുടെ ഫോൺ കണ്ടെടുത്തെങ്കിലും രേണുകസ്വാമിയുടെ ഫോണിലെ ഡാറ്റ നിർണായകമാണ്. ഇത് കൊലപാതകത്തിനു പിന്നിലെ കാരണം തെളിയിക്കാൻ സഹായകരമാകുമെന്നാണ് പൊലീസ് കരുതുന്നത്.

രേണുകസ്വാമി കൊല്ലപ്പെട്ട ദിവസം ദർശനും കൂട്ടാളികളും ആർ.ആർ നഗറിലെ ഒരു ബാറിലുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

മറ്റൊരു നടൻ

അതിനിടെ,​ കോസുമായി ബന്ധപ്പെട്ട് മറ്റൊരു നടന്റെ പേരും ഉയർന്നുവന്നു. കന്നടയിലെ ഹാസ്യതാരം ചിക്കണ്ണയെ പൊലീസ് ചോദ്യം ചെയ്യും. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്. ഈ മാസം എട്ടിന് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരുമ്പോൾ ദർശനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ദർശനും ചിക്കണ്ണയും നഗരത്തിലെ പബ്ബിലുണ്ടായിരുന്നെന്നും ഇവിടെ നിന്ന് രേണുകാസ്വാമിയെ എത്തിച്ച ഷെഡിലേക്കാണ് ദർശൻ പോയതെന്നും റിപ്പോർട്ടുണ്ട്. ദർശൻ തിരികെ പബ്ബിലേക്കുതന്നെ പോയി. ദർശനേയും ചിക്കണ്ണയേയും ഈ പബ്ബിലെത്തിച്ച് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ചേക്കും. നിലവിൽ കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡയും ദർശനുമായി പത്തുവർഷമായി ബന്ധമുണ്ട്. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം' എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു.

ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Advertisement
Advertisement