അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണം
Wednesday 19 June 2024 1:17 AM IST
കുറവിലങ്ങാട്: അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും കേന്ദ്ര സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ഉഴവൂർ പ്രോജക്ട് പ്രവർത്തകയോഗം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
നിലവിൽ വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 4500 രൂപയും 2750 രൂപയുമാണ് കേന്ദ്ര സർക്കാർ വിഹിതം ഓണറേറിയം. 2018ന് ശേഷം കേന്ദ്ര സർക്കാർ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് പ്രസിഡന്റ് കെ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, വൈസ് പ്രസിഡന്റ് എം.ലളിതാമണി, ജില്ലാ സെക്രട്ടറി ബി.രേണുക, ആൻസി തോമസ്, പ്രീയാ വിജയൻ, ഇ.ജി.ശോഭന, ശോശാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.