നെവാഡ മരുഭൂമിയിൽ നിഗൂഢ ലോഹസ്തംഭം

Wednesday 19 June 2024 6:58 AM IST

ന്യൂയോർക്ക് : യു.എസിലെ നെവാഡ മരുഭൂമിയിൽ നിഗൂഢ ലോഹസ്തംഭം കണ്ടെത്തി. ഇത് എന്താണെന്നോ, എവിടെ നിന്ന് വന്നെന്നോ, ആര് സ്ഥാപിച്ചതാണെന്നോ വ്യക്തമല്ല. ലാസ് വേഗാസ് പൊലീസാണ് മരുഭൂമിയിലെ നിഗൂഢ രൂപം കണ്ടെത്തിയത്.

ലാസ് വേഗാസ് താഴ്‌വരയുടെ വടക്കൻ മേഖലയിലെ ഒരു തെരച്ചിൽ ഓപ്പറേഷനിടെ അവിചാരിതമായാണ് പൊലീസ് ഈ സ്തംഭം കണ്ടെത്തിയത്. സ്തംഭത്തിന്റെ ചിത്രങ്ങൾ പൊലീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

നീണ്ട ചതുരാകൃതിയിലുള്ള സ്തംഭം നെവാഡ മരുഭൂമിയിലെ ഗാസ് പീക്ക് ഹൈക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കണ്ടെത്തിയത്. 2020ൽ യു.എസിലെ യൂട്ടാ മരുഭൂമിയിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതേ പോലെയുള്ള സ്തംഭങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

2020 നവംബറിൽ യൂട്ട മരുഭൂമിക്ക് മുകളിലൂടെ സഞ്ചരിച്ച ഒരു പൈലറ്റാണ് ആദ്യമായി സ്തംഭം കണ്ടെത്തിയത്. ഏകദേശം അതേ കാലയളവിൽ റൊമേനിയയിലും കാലിഫോർണിയയിലും ഇംഗ്ലീഷ് ചാനലിലുള്ള ഐൽ ഒഫ് വൈറ്റിലും സ്തംഭങ്ങൾ കണ്ടെത്തി.

ഏതെങ്കിലും കലാകാരൻമാരാണോ ഇതിന് പിന്നിലെന്ന് സംശയം ഉയർന്നിരുന്നു. ചിലരാകട്ടെ അന്യഗ്രഹ ജീവികളാകാമെന്ന് അഭ്യൂഹ പ്രചാരണം നടത്തി. കഴിഞ്ഞ മാർച്ചിൽ വെയ്‌ൽസിലെ ഒരു മലനിരയിലും ഇതുപോലൊരു സ്തംഭം പ്രത്യക്ഷപ്പെട്ടിരുന്നു.

വിഖ്യാത സംവിധായകൻ സ്റ്റാൻലി കുബ്രിക്കിന്റെ ' 2001: എ സ്പേസ് ഒഡീസി' (1968) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ലോഹസ്തംഭവുമായി സാദൃശ്യമുള്ളതാണ് യൂട്ടയിലും ഇപ്പോൾ നെവാഡയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന സ്തംഭങ്ങൾ. ഒരു അന്യഗ്രഹ ജീവി സ്പീഷീസാണ് ചിത്രത്തിലെ ലോഹസ്തംഭത്തിന് പിന്നിൽ.

Advertisement
Advertisement