അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ യു.എസ്

Wednesday 19 June 2024 6:58 AM IST

വാഷിംഗ്ടൺ: യു.എസ് പൗരന്മാരെ വിവാഹം കഴിച്ച അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ ഭരണകൂടം. യു.എസിൽ 10 വർഷമായി താമസിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അമേരിക്കക്കാരെ വിവാഹം ചെയ്തവരുടെ 21 വയസിൽ താഴെയുള്ള 50,​000ത്തോളം മക്കൾക്കും ആനുകൂല്യം ലഭിക്കും. അതേ സമയം,​ വിവാഹ കാലാവധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പദ്ധതി ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. അപേക്ഷാ നടപടി വൈകാതെ തുടങ്ങും.

അപേക്ഷ അംഗീകരിക്കപ്പെടുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കും. സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷിക്കാൻ ഇവർക്ക് രാജ്യം വിടേണ്ടതില്ല. ഇവർക്ക് മൂന്ന് വർഷം വരെ യു.എസിൽ തുടരാനും അവസരം നൽകും. ഗ്രീൻ കാർഡ് ലഭിച്ചാൽ പൗരത്വത്തിനായി അപേക്ഷിക്കാം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പരിഗണിക്കില്ല. തീരുമാനം നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയുടെ വിലയിരുത്തൽ.

എന്നാൽ, തീരുമാനത്തിനെതിരെ എതിരാളികളായ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. കുടിയേറ്റത്തിനെതിരെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് തിരഞ്ഞെടുപ്പിൽ ബൈഡനെതിരെ മത്സരിക്കുന്ന മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ ഡൊണാൾഡ് ട്രംപിന്റെ വാഗ്ദ്ധാനം.

Advertisement
Advertisement