ബേക്കൽകോട്ട കാണാനെത്തിയ യുവാവിനും പെൺസുഹൃത്തിനും നേരെ ആക്രമണം; പണവും സ്വർണാഭരണങ്ങളും കവർന്നു

Wednesday 19 June 2024 6:58 AM IST

കാസർകോട്: ബേക്കൽകോട്ട കാണാനെത്തിയ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്നു. സംഭവത്തിൽ മൂന്ന് പേരെ ബേക്കൽ പൊലീസ് അറസ്​റ്റ് ചെയ്തു. ബേക്കൽ കോട്ടയിലേക്ക് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെൺസുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിൽ പളളിക്കര സ്വദേശിയായ അബ്ദുൽ വാഹിദ് (25),ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി അഹമ്മദ് കബീർ, മൊവ്വൽ കോളനിയിലുളള ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. സാദിഖ് എന്ന യുവാവിനായുളള തിരച്ചിൽ തുടരുകയാണ്. ബേക്കൽ കോട്ടയിലെ പാർക്കിംഗ് സ്ഥലത്തുവച്ചാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും പ്രതികൾ ഭീഷണിപ്പെടുത്തിയതിനുശേഷം കാറിൽ നിന്നും വലിച്ചിറക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ കൈയിലെ ബ്രേസ്‌ലെ​റ്റും ഊരി വാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്നു 5000 രൂപയും ബലം പ്രയോഗിച്ച് സംഘം കൈക്കലാക്കി.


പിന്നാലെ പ്രതികളിലൊരാൾ എത്തിയ ബൈക്കിന്റെ നമ്പർ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികൾ അറസ്​റ്റിലായത്. പിടിയിലായവർ മുൻപും ബേക്കൽകോട്ട കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പ്രതികളെ ബേക്കൽ കോട്ടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Advertisement
Advertisement