ശസ്ത്രക്രിയയ്ക്കിടെ ഭാര്യ മരിച്ചു, പ്ലാസ്റ്റിക് സർജൻ അറസ്റ്റിൽ

Wednesday 19 June 2024 7:07 AM IST

ന്യൂയോർക്ക് : ശസ്ത്രക്രിയയ്ക്കിടെ ഭാര്യ മരിച്ച സംഭവത്തിൽ പ്ലാസ്റ്റിക് സർജനായ 41കാരൻ അറസ്റ്റിൽ. യു.എസിലെ ഫ്ലോറിഡയിൽ റീസ്റ്റോർ പ്ലാസ്റ്റിക് സർജറി എന്ന ക്ലിനിക് നടത്തുന്ന ബെഞ്ചമിൻ ബ്രൗൺ ആണ് പിടിലായത്. കഴിഞ്ഞ നവംബറിൽ ശസ്ത്രക്രിയയ്ക്കിടെ ഹൃദയ സ്തംഭനത്തെ തുടർന്നാണ് ഇയാളുടെ ഭാര്യ ഹിലരി മരിച്ചത്. വെള്ളിയാഴ്ച അറസ്റ്റ് വാറന്റ് ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അശ്രദ്ധ മൂലമുള്ള നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൈകളിലെ വണ്ണം കുറയ്ക്കുന്നത് മുതൽ ചെവിയുടെയും ചുണ്ടിന്റെയും ആകൃതി ശരിയാക്കാൻ വരെയുള്ള പ്രക്രിയകളാണ് ഹിലരി ചെയ്യാൻ തീരുമാനിച്ചത്. ശസ്ത്രക്രിയകൾക്ക് മുമ്പ് തനിക്കുള്ള അനസ്തേഷ്യ തയാറാക്കിയതും ഹിലരിയാണ്. ചില ഗുളികകളും കഴിച്ചു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഹിലരിക്ക് മയക്കം അനുഭവപ്പെട്ടു.

ഓപ്പറേഷൻ റൂമിൽ വച്ച് ബെഞ്ചമിൻ ഹിലരിക്ക് വീണ്ടും അനസ്തേഷ്യ നൽകി. ഭാര്യ എന്തൊക്കെ മരുന്നാണ് കഴിച്ചതെന്ന് തിരക്കാതെയായിരുന്നു ഇത്. ഇതിനിടെ തന്റെ കാഴ്ച മങ്ങുന്നതായി ഹിലരി പറഞ്ഞെങ്കിലും ബെഞ്ചമിൻ വകവയ്ക്കാതെ മരുന്നുകൾ കുത്തിവച്ചു. വൈകാതെ ഹിലരിക്ക് ബോധം നഷ്ടമാവുകയും അപസ്മാരം പോലെ അനുഭവപ്പെടാനും തുടങ്ങി. എമർജൻസി സർവീസിനെ വിളിക്കാമെന്ന് അസിസ്റ്റന്റ് നിർദ്ദേശിച്ചെങ്കിലും ബെഞ്ചമിൻ അനുവദിച്ചില്ല.

20 മിനിറ്റിന് ശേഷവും ഹിലരിക്ക് ബോധം ലഭിക്കാതെ വന്നതോടെയാണ് എമർജൻസി സർവീസിനെ വിവരമറിയിച്ചത്. ഹിലരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ച വരുത്തിയ ബെഞ്ചമിന്റെ ലൈസൻസ് റദ്ദാക്കി. ഹിലരിയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

Advertisement
Advertisement