ഇസ്രയേൽ ആക്രമണം: മദ്ധ്യ ഗാസയിൽ 17 മരണം  3,500 കുട്ടികളുടെ ജീവൻ അപകടത്തിൽ

Wednesday 19 June 2024 7:07 AM IST

ടെൽ അവീവ്: മദ്ധ്യഗാസയിലെ രണ്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 17 മരണം. ഇന്നലെ അൽ - നുസൈറത്ത്, അൽ - ബുറെയ്ജ് ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് ജിഹാദ് ഭീകരനെ വധിച്ചെന്ന് ഇസ്രയേൽ പ്രതികരിച്ചു. സാധാരണക്കാരുടെ മരണത്തിൽ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ തെക്കൻ നഗരമായ റാഫയിലേക്ക് ഇസ്രയേലി ടാങ്കുകളുടെ കടന്നുകയറ്റം ശക്തമായി തുടരുകയാണ്. റാഫയുടെ പല ഭാഗങ്ങളിലും ഇന്നലെ സ്ഫോടനങ്ങളുണ്ടായി. അതേ സമയം, പോഷകാഹാരക്കുറവ് മൂലം 3,500 കുട്ടികൾ മരണത്തിന്റെ വക്കിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് മതിയായ ആഹാരമോ മരുന്നോ ലഭ്യമല്ല. ഇതുവരെ 37,370ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

 യുദ്ധ ക്യാബിനറ്റ് പിരിച്ചുവിട്ടു

ഇസ്രയേലിലെ ആറംഗ യുദ്ധ ക്യാബിനറ്റ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. ഇതോടെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം വീണ്ടും രാജ്യത്തെ 14 അംഗ സുരക്ഷാ ക്യാബിനറ്റിലേക്ക് കൈവന്നു. ഇസ്രയേലിലെ പ്രധാന മന്ത്രിസഭയ്ക്കുള്ളിൽ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതാണ് സുരക്ഷാ ക്യാബിനറ്റ്. പ്രതിപക്ഷത്തുള്ള നാഷണൽ യൂണിറ്റി പാർട്ടിയുടെ നേതാവായ ബെന്നി ഗാന്റ്‌സ് കഴിഞ്ഞ ആഴ്ച യുദ്ധ ക്യാബിനറ്റിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച് നെതന്യാഹു തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഗാന്റ്‌സിന്റെ രാജി. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് സുരക്ഷാ ക്യാബിനറ്റിനുള്ളിലെ ചെറിയ ഗ്രൂപ്പായി യുദ്ധ ക്യാബിനറ്റിനെ രൂപീകരിച്ചത്. യുദ്ധം സംബന്ധിച്ച തീരുമാനങ്ങളെടുക്കുകയായിരുന്നു ലക്ഷ്യം.

Advertisement
Advertisement