തലസ്ഥാനത്തിന്റെ മുഖം മിനുങ്ങും; ഒരുങ്ങുന്നത് 93 കോടിയുടെ വമ്പൻ പദ്ധതി, ടൂറിസം ഇനി വേറെ ലെവൽ

Wednesday 19 June 2024 8:39 AM IST

ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെത്തുന്ന കോവളം ബീച്ചിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതി ടെൻഡർ ചെയ്യാനൊരുങ്ങി ടൂറിസം വകുപ്പ്. 93 കോടിയാണ് രണ്ടുഘട്ടമായുള്ള പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യ​ഘട്ട വികസനത്തിന്റെ ടെൻഡർ ഈയാഴ്ചയോടെ പുറത്തിറക്കാനാണ് തീരുമാനം. നേരത്തെ ടെൻഡറിൽ വിവിധ കമ്പനികൾ പങ്കെടുത്തിരുന്നെങ്കിലും 15 വർഷത്തെ പരിപാലനച്ചുമതല എന്ന വ്യവ​സ്ഥ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. തുടർന്നാണ് റീടെൻഡർ ചെയ്യാൻ തീരുമാനിച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് റീ‌ടെൻഡർ വൈകിയതെന്ന് ടൂറിസം വൃത്തങ്ങൾ സൂചിപ്പിച്ചു. കേന്ദ്ര സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനാണ് പദ്ധതിച്ചുമതല. ടെൻഡർ സമർപ്പിക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും.43.54 കോടിയാണ് ആദ്യഘട്ടത്തിൽ ചെലവിടുക. കോവളത്തെ ഹവ്വാ ബീച്ച്,ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, സൈലന്റ് വാലി സൺബാത്ത് പാർക്ക് നവീകരണം, അടിമലത്തുറ ബീച്ചുമായുള്ള അതിർത്തി നിർണയിക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ. 18 മാസംകൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യം.

വികസനപദ്ധതിയിലൂടെ കോവളം ബീച്ചിന് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് നേടിയെടുക്കാനും ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. രണ്ടുഘട്ടങ്ങളായി കോവളവും അനുബന്ധ ബീച്ചുകളും വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഫെബ്രുവരിയിലാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.കോവളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നത്.

കോവളം പരാധീനതകളുടെ നടുവിൽ ഉഴലുകയാണ്. ബീച്ചിന്റെ നടപ്പാതകളടക്കം തകർന്നു,​ തെരുവുവിളക്കുകളും കത്തുന്നില്ല. തെരുവുനായ ശല്യവും രൂക്ഷമാണ്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്ഥിതിയാണ്.

വരും ഇതൊക്കെ

 വാക്ക്‌വേകൾ

 ക്ളോക്ക് റൂം

ടോയ്‌‌ലെറ്റ് സൗകര്യങ്ങൾ

‌‌ഡയഫ്രം വാൾ

 ജലസാഹസിക കായിക വിനോദങ്ങൾ

ഗേറ്റ്‌വേ

 പാർക്കിംഗ് കേന്ദ്രങ്ങളുടെ നവീകരണം

Advertisement
Advertisement