കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

Wednesday 19 June 2024 10:32 AM IST

ബംഗളൂരു: കൊലക്കേസിലെ പ്രതി കന്നട നടൻ ദർശൻ തൂഗുദീപയുടെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ വിഷാദരോഗത്തിലാണെന്നാണ് ഈ വീഡിയോയിൽ ശ്രീധർ പറയുന്നത്. ശ്രീധറിന്റെ ആത്മഹത്യയും രേണുകാസ്വാമിയുടെ കാെലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

ദർശന്റെ കാര്യങ്ങൾ കെെകാര്യം ചെയ്തിരുന്നതും സ്വത്തുക്കളുടെ മേൽനോട്ടം വഹിച്ചിരുന്നതും ശ്രീധർ ആണ്. ആത്മഹത്യ എന്നത് തന്റെ തീരുമാനമാമെന്നും ഇപ്പോൾ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്റെ പേരിൽ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോയിൽ ശ്രീധരൻ പറയുന്നു.

33കാരനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. ഇരുവരും അറസറ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് ശ്രീധർ ആത്മഹത്യ ചെയ്തത്. ഇതിനിടെ രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതും കുറ്റകൃത്യത്തിന് ദർശനെ പ്രേരിപ്പിച്ചതും പവിത്ര ഗൗഡയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ സൂപ്പർതാരമാണെന്ന് അവകാശപ്പെടുമ്പോഴും എനിക്ക് അശ്ലീല സന്ദേശമയച്ചയാളെ നിങ്ങൾ എന്തു ചെയ്തു എന്ന് പവിത്ര ദർശനോട് ചോദിച്ചെന്നും ഇതാണ് ദർശനെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയത്. കാമാക്ഷി പാളയത്തുള്ള ദർശന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെത്തിച്ച് രേണുകാസ്വാമിയെ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ മർദ്ദനത്തിലാണ് രേണുകസ്വാമി മരിക്കുന്നത്.

Advertisement
Advertisement