പങ്കാളിയോടൊപ്പമുളള ജീവിതം സ്വർഗതുല്യമാക്കാം, പുത്തൻ ട്രെൻഡിന് പിന്നാലെയാണ് ഒരു കൂട്ടം യുവാക്കൾ

Wednesday 19 June 2024 11:31 AM IST

പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് പലവിധത്തിലുളള മാർഗങ്ങൾ പണ്ടുമുതൽക്കേ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ആദ്യകാലത്ത് രാജകുടുംബങ്ങളിലുളള വിവാഹപ്രായമെത്തിയ കന്യകമാർക്ക് മനസിനിണങ്ങിയ രാജകുമാരൻമാരെ തിരഞ്ഞെടുക്കാമായിരുന്നു. അത്തരത്തിലുളള നിരവധി സംഭവങ്ങൾ മുത്തശിക്കഥകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും നമ്മൾ മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.

ഇന്നത്തെ തലമുറയും പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. കൂടുതൽ പേരും പങ്കാളിയെ കൂടുതൽ മനസിലാക്കിയതിനുശേഷം മാത്രമേ വിവാഹം എന്ന ഘട്ടത്തിലേക്ക് കടക്കുന്നുളളൂ. എന്നാൽ മ​റ്റൊരു വിഭാഗം ലിവിംഗ് ടുഗദർ റിലേഷൻഷിപ്പുകളിലാണ് വിശ്വസിക്കുന്നത്. ഭാവി വരനെയോ അല്ലെങ്കിൽ വധുവിനെയോ തിരഞ്ഞെടുക്കാൻ അമേരിക്കയിലുളളവർ ഒരു കാലത്ത് പരീക്ഷിച്ചുവന്ന മാർഗമാണ് വീണ്ടും ചർച്ചയാകുന്നത്. ഈ മാർഗം അമേരിക്കയിൽ വീണ്ടുമൊരു ട്രെൻഡായി മാറിയിരിക്കുകയാണെന്നാണ് പുതിയ സർവ്വേകളിൽ പറയുന്നത്.

ഹൈപ്പർഗമി

നൂ​റ്റാണ്ടുകളായി അമേരിക്കയിൽ പരീക്ഷിച്ചുവന്ന ഒരു ട്രെൻഡാണ് 'ഹൈപ്പർഗമി'. എന്താണ് ഹൈപ്പർഗമി എന്നുനോക്കാം. ഒരു വ്യക്തി പങ്കാളിയായി തന്നെക്കാൾ സാമ്പത്തികപരമായും സാമൂഹികപരമായും ഉയർന്നുനിൽക്കുന്നയാളെ കണ്ടെത്തുന്ന രീതിയാണ് ഹൈപ്പർഗമി. അടുത്തിടെ അമേരിക്കയിൽ ഹൈപ്പർഗമി നടത്തുന്ന യുവാക്കളുടെ എണ്ണം കൂടിയതായി കണക്കുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിലുളള സംഭവങ്ങൾ നോവലുകളിലും സിനിമകളിലും സീരീസുകളിലും മാത്രമേ കണ്ടിരുന്നുളളൂ. എന്നാൽ ഒരു വിഭാഗം ആളുകൾ ഹൈപ്പർഗമി സ്വന്തം ജീവിതത്തിലും കൊണ്ടുവരാൻ ആരംഭിച്ചിരിക്കുകയാണ്.

ഒരു വിഭാഗം ജനത ഹൈപ്പർഗമി മനഃപൂർവം ചെയ്യുന്നുവെന്നും എന്നാൽ മ​റ്റൊരു വിഭാഗം അറിയാതെയും ചെയ്യുന്നുണ്ടെന്നാണ് ഫാമിലി തെറാപ്പിസ്​റ്റും മോഡേൺ ലൗ കൗൺസിലിംഗിന്റെ സ്ഥാപകയുമായ അലിഷ ജെനി മാസികയായ ദി കോസ്‌മോപൊളി​റ്റനോട് പറഞ്ഞത്. ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉയർത്താനും പ്രശസ്തി വർദ്ധിപ്പിക്കാനുമുളള വ്യക്തികളുടെ ആഗ്രഹമാണ് ഒട്ടുമിക്കപ്പോഴും ഹൈപ്പർഗമിക്ക് കാരണമാകുന്നതെന്നും അവർ പറഞ്ഞു. ആഡംബര ഡേ​റ്റിംഗ് സൈ​റ്റായ സീക്കിംഗ് ഡോട്ട് കോം നടത്തിയ ഒരു സർവ്വേയിലും ട്രെൻഡിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്.

സാമ്പത്തിക ഭദ്രത ഉറപ്പിക്കൽ

സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും ഹൈപ്പർഗമിയെ അംഗീകരിക്കുന്നുണ്ട്. 31 ശതമാനം ആളുകൾ അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാൻ ഹൈപ്പർഗമിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. അതുപോലെ 39 ശതമാനം ആളുകളും അവരുടെ വ്യക്തിപരമായ വളർച്ചയ്ക്കും വിജയത്തിനും ഹൈപ്പർഗമിയിൽ വിശ്വസിക്കുന്നുണ്ട്. അതേസമയം, ചിലർ സത്യസന്ധവും വിശ്വാസവുമുളള ബന്ധങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ മിക്കവരും ഹൈപ്പർഗമി ബന്ധങ്ങളാണ് അന്വേഷിക്കുന്നതെന്ന് റിലേഷൻഷിപ്പ് വിദഗ്ദ്ധയായ എമ്മ ഹാത്തോൺ സീക്കിംഗ് ഡോട്ട് കോമിനോട് പറഞ്ഞു.അവർ ആഡംബര ജീവിതം തേടിപ്പോയതോടെ സാധാരണയായി കണ്ടുവന്ന ഡേ​റ്റിംഗ് രീതികൾ അന്യം നിന്നുപോകുകയാണെന്നും അവർ പറഞ്ഞു.

2000 അമേരിക്കക്കാർ പങ്കെടുത്ത ഒരു സർവ്വേയിൽ 43 ശതമാനം ആളുകൾക്കും ഹൈപ്പർഗമിയെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. എന്നാൽ 47 ശതമാനം ആളുകളും ട്രെൻഡിനെ പിന്തുടരുന്നുണ്ട്.

ഡേ​റ്റിംഗ് ചെയ്യുന്ന സമയങ്ങളിൽ പങ്കാളിയുമായുളള സംസാരത്തിൽ നിന്നും അവരുമായി കൂടുതലായി ഇടപെടുമ്പോഴും തങ്ങളെക്കാൾ ഉയർന്ന സ്ഥിതിയുളള വ്യക്തിയോണോയെന്ന് മനസിലാക്കാൻ സാധിക്കുമെന്നാണ് സർവ്വേയിൽ പങ്കെടുത്തവർ പറയുന്നത്. അതേസമയം, 35 ശതമാനം ആളുകളും ഈ രീതിയിലൂടെ പരാജയപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.

Advertisement
Advertisement