ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്‌ടറി ജീവനക്കാരന്റേത്?​ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

Wednesday 19 June 2024 11:54 AM IST

മുംബയ്: അടുത്തിടെ മുംബയിലെ ഡോക്ടർക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവം വലിയ രീതിയിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ കണ്ടെത്തിയ വിരൽ ഐസ്ക്രീം കമ്പനിയുടെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഫാക്‌ടറിയിലെ ജീവനക്കാരന്റെ കെെവിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐസ്ക്രീം നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരലിന് പരിക്കേറ്റതെന്ന് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു. അപകടം നടന്ന അന്നാണ് ഡോക്ടർക്ക് ലഭിച്ച ഐസ്ക്രീം പായ്ക്ക് ചെയ്തതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം വന്നാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്നാണ് മുംബയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുക്കാരന് വിരൽ ലഭിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും യുവാവ് പറഞ്ഞു.

വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു. ഐസ്ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.

സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വേസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലെെസൻസ് സസ്‌പെൻഡ് ചെയ്തത്.

Advertisement
Advertisement