'ആന്റിമാർക്ക് പ്രവേശനമില്ല, സുന്ദരികളായ സ്‌ത്രീകൾക്ക് സ്വാഗതം', ജിമ്മിന് മുന്നിൽ ബോർഡ് വച്ച് ഉടമ

Wednesday 19 June 2024 12:04 PM IST

സിയോൾ: സംസ്‌കാരവും സൗന്ദര്യവുമുള്ള സ്‌ത്രീകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന് ജിമ്മിന് മുന്നിൽ ബോർഡ് വച്ച് ഉടമ. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നഗരത്തിലെ ഒരു ജിമ്മിലാണ് സംഭവം. ഇതിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് ജിം ഉടമയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

'ആന്റിമാർക്ക് പ്രവേശനമില്ല' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മദ്ധ്യവയസ്‌കരായ സ്‌ത്രീകളെയും ആന്റി എന്നാണ് വിളിക്കാറുള്ളത്. ഈ പദം ഉപയോഗിച്ച് പ്രായത്തെ അപമാനിക്കുകയാണ് ജിം ഉടമ ചെയ്‌തിരിക്കുന്നത് എന്നാണ് ഉയരുന്ന പരാതി. എന്നാൽ, തന്റെ ജിമ്മിലെ മോശം ഉപഭോക്താക്കൾക്കുള്ള ഓർമപ്പെടുത്തലായാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയതെന്നാണ് ജിം ഉടമയുടെ വിശദീകരണം.

ചില പ്രായമായ സ്‌ത്രീകൾ തന്റെ ജിമ്മിൽ വരുന്ന പ്രായം കുറഞ്ഞ യുവതികളോട് വളരെ മോശമായി പെരുമാറുകയാണെന്നാണ് ജിം ഉടമ പറയുന്നത്. 'കുട്ടികളെ ഉണ്ടാക്കുന്നതിലും നിങ്ങൾക്ക് കഴിവുണ്ടായിരിക്കണം' എന്ന് പോലും പറഞ്ഞ് പ്രായം കുറഞ്ഞ സ്‌ത്രീകളെ ഇവർ പരിഹസിക്കുമെന്നും ഒരു ദക്ഷിണ കൊറിയൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജിം ഉടമ പറഞ്ഞു. മാത്രമല്ല, ഈ പറഞ്ഞ ആന്റിമാർ ലോക്കർ റൂമിലെ വാഷിംഗ് മെഷീനുകൾ മണിക്കൂറുകളോളം അലക്കാനായി ഉപയോഗിക്കുമെന്നും, ഇത് ജിമ്മിലെ വെള്ളത്തിന്റെ ബല്ല് കൂടാൻ കാരണമായെന്നും അദ്ദേഹം പരാതിപ്പെട്ടു. ടവൽ, സോപ്പ് തുടങ്ങിയ സാധനങ്ങൾ ഇവർ മോഷ്‌ടിച്ചെന്നും ജിം ഉടമ ആരോപിച്ചു.

ആന്റിമാർ കാരണം 20നും 30നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾ ജിം ഉപേക്ഷിച്ച് പോകുന്നതായും ഉടമ പറഞ്ഞു. തനിക്കുണ്ടായ ഈ നഷ്‌ടങ്ങളെല്ലാം തടയാനാണ് ആന്റിമാരെ ജിമ്മിൽ നിന്നും മാറ്റി നിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, എട്ട് മാനദണ്ഡങ്ങളടങ്ങിയ പട്ടിക തയ്യാറാക്കിയെന്നും ഉടമ പറഞ്ഞു.

എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ വളരെ കുറച്ചുപേർ മാത്രമാണ് ജിം ഉടമയെ അനുകൂലിക്കുന്നത്. ഇതിൽ ആന്റി എന്ന പദം ഉപയോഗിച്ചത് ശരിയായില്ലെന്നാണ് കുറച്ചുപേരുടെ അഭിപ്രായം.

Advertisement
Advertisement