കണ്ണൂരിൽ ഏറെ നിർമ്മിക്കുന്ന നൂൽ ബോംബ് എന്താണെന്ന് അറിയുമോ? ഉപയോഗിക്കുന്നത് ആളെ കൊല്ലാനല്ല

Wednesday 19 June 2024 12:13 PM IST

കണ്ണൂർ: രാഷ്ട്രീയ എതിരാളിയെ മനസിൽ കണ്ട് നിർമ്മിച്ച ബോംബ് ഒളിപ്പിച്ചുവച്ചയിടങ്ങളിൽ നിന്നോ, ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിൽ നിന്നോ പൊട്ടിത്തെറിച്ച് നിരപരാധികൾ ബലിയാടാകുന്നത് തലശേരിയിലും പരിസരത്തും തുടർകഥയാകുകയാണ്.ജീവൻ നഷ്ടപ്പെട്ടവരും അംഗഭംഗം നേരിടുന്നവരുമായി നിരവധി പേരുകൾ എടുത്തുപറയാം.

ബോംബാക്രമണങ്ങൾക്കും നിർമാണത്തിനിടെ സംഭവിക്കുന്ന സ്‌ഫോടനത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കും പുറമെയാണ് ഏതെങ്കിലും ഇടത്ത് സൂക്ഷിച്ച ബോംബുകൾ അബദ്ധത്തിൽ പൊട്ടി കൊച്ചുകുട്ടികളടക്കമുള്ള ഒന്നുമറിയാത്തവർ ഇരകളാകുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഒഴിഞ്ഞ പ്രദേശങ്ങളിലോ കെട്ടിടങ്ങളിലോ ആണ് സ്റ്റീൽ ബോംബുകൾ ഒളിപ്പിച്ചു വയ്ക്കുന്നത്. പൊലീസ് റെയ്ഡ് നടക്കുമ്പോൾ ബോംബ് ശേഖരം എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടാറുമുണ്ട്. ഇത്തരം ബോംബുകളാണ് പിന്നീട് നിരപരാധികളുടെ ജീവനെടുക്കുന്നത്.

ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസും സി.ആർ.പി.എഫും ജില്ലയിൽ വ്യാപക പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് ബോംബുകൾ മാറ്റിയെന്നതിന്റെ തെളിവുകളിലൊന്നാണ് തലശേരിയിൽ ഇന്നലെ വൃദ്ധന്റെ ജീവനെടുത്ത സ്ഫോടനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

നൂൽബോംബ് തൊട്ട് സ്റ്റീൽ ബോംബ് വരെ

നാടൻ ബോംബുകളിൽ നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽബോംമ്പ് എന്നിവയാണ് കണ്ണൂർ മേഖലയിൽ വ്യാപകമായി നിർമ്മിക്കുന്നതും പ്രയോഗിക്കുന്നതും. ഇതിൽ നൂൽബോംബ് പൊട്ടിക്കുന്നത് ഭീതി പരത്താനാണ്. അതി ശക്തമായ പുകയുണ്ടായി ആളുകളുടെ ശ്രദ്ധമുഴുവൻ ബോംബ് എറിഞ്ഞടത്ത് ആയിരിക്കും. കല്ലും കുപ്പിച്ചില്ലും ആണിയും കരിങ്കൽ ചീളും വെടിമരുന്നും ഇട്ട് നൂലുചുറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്.

മാരക പ്രഹരശേഷിയുള്ളവയാണ് പെട്രോൾ ബോംബുകൾ. ഇതുകൊണ്ടുനടക്കുന്നതും റിസ്‌ക്കാണ്. സ്റ്റീൽ ബോംബാണ് ഇപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പം. മാരക പ്രഹര ശേഷിയും. വെടിമരുന്നിനും ഗന്ധകത്തിനുമൊപ്പം
കുപ്പിച്ചില്ലും സ്റ്റീലും ഇട്ടാണ് നിർമ്മാണം. പൊട്ടിയാൽ പുറത്തുവരുന്ന കനത്ത ശബ്ദവും പുകയും ആരെയും ഞെട്ടിക്കും. കുപ്പിച്ചില്ലും സ്റ്റീലും, കരിങ്കൽ ചീളുംആണിയും, തുളഞ്ഞുകയറി മരണവും ഉണ്ടാവും.

ആക്രി പെറുക്കുമ്പോഴും ശ്രദ്ധിക്കണം

കഴിഞ്ഞ വർഷം പാട്യം പത്തായക്കുന്നിനടുത്ത് വിവിധയിടങ്ങളിൽ നിന്ന് പെറുക്കി എത്തിച്ച ആക്രിസാധനങ്ങൾ വേർത്തിരിക്കുന്നതിനിടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സെയ്ദലി (45), മക്കളായ നൂറുദ്ദീൻ (10), അബ്ദുൾ മുത്തലിബ് (എട്ട്) എന്നിവർക്ക് പരിക്കേറ്റിരുന്നു. 2022ൽ മട്ടന്നൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ ഫസൽ ഹഖ് (54), ഷഹിദുൾ (25) എന്നിവർ തത്ക്ഷണം കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം.

നാടോടി ബാലിക തൊട്ട് സ്കൂൾ വിദ്യാർത്ഥികൾ വരെ

1998 : പാനൂരിനടുത്ത് കൂരാറയിൽ സ്റ്റീൽ ബോംബ് പൊട്ടി നാടോടിബാലിക സൂര്യകാന്തിയുടെ ഇടതു കണ്ണും കൈപ്പത്തിയും നഷ്ടമായി.

1998: പാനൂരിൽ ഏഴുവയസ്സുള്ള തമിഴ് നാടോടിബാലൻ അമാവാസിക്ക് കൈപ്പത്തി നഷ്ടപ്പെട്ടു

1998 പാട്യം കോങ്ങാറ്റയിലെ മാടത്തുംകണ്ടി സുരേന്ദ്രന്റെ കാഴ്ച നഷ്ടമായി. ജോലിക്കിടെ മൺവെട്ടി സ്റ്റീൽ ബോംബിൽ തട്ടിയായിരുന്നു അപകടം.

2007 : ആറളം ഫാം വളയംചാലിൽ കളിക്കുന്നതിനിടയിൽ ബോംബ് പൊട്ടി ഏഴുവയസ്സുകാരി അഞ്ജുവിനും അഞ്ചുവയസ്സുകാരൻ വിഷ്ണുവിനും പരിക്കേറ്റു.

2012 : തൂവക്കുന്നിൽ മതിലിന് കുഴി എടുക്കുമ്പോൾ ബോംബ് പൊട്ടി കന്യാകുമാരി സ്വദേശി ബാബുവിന്റെ കണ്ണുകൾക്ക് പരിക്കേറ്റു .

2014 : പാനൂരിനടുത്ത് മദ്ധ്യപ്രദേശ് സ്വദേശി ഏഴുവയസ്സുകാരൻ അഭിഷേകിന്റെ കൈപ്പത്തി തകർന്നു.

2016 : എലാങ്കോട് റോഡിൽ ബോംബ് പൊട്ടി രണ്ടുകുട്ടികൾക്ക് പരിക്കേറ്റു.

2019: മട്ടന്നൂർ പരിയാരത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥി കെ. ബിജിലിന്റെ കണ്ണിന് പരിക്കേറ്റു. ക്രിക്കറ്റ് കളിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽപാത്രം തുറക്കുമ്പോഴാണ് പൊട്ടിയത്

2021 : പാലയാട് നരിവയലിൽ ബോംബ് സ്‌ഫോടനത്തിൽ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ശ്രീവർധ് പ്രദീപിന് പരിക്കേറ്റു.

Advertisement
Advertisement