'ഈ രാഷ്ട്രീയം ഭാരമായി തോന്നിയിട്ടുണ്ട്',  തലയിലോട്ട് എടുത്ത് വച്ചുതരുകയാണെന്ന് ഗോകുൽ സുരേഷ്

Wednesday 19 June 2024 12:45 PM IST

നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ അറിയാത്ത മലയാളികളില്ല. 'മുദ്ദുഗൗ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോകുൽ നിരവധി സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളിലൂടെയും താരം ശ്രദ്ധേയനാണ്. അടുത്തിടെ പിതാവിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഗോകുൽ നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വീണ്ടും പിതാവിന്റെ രാഷ്ട്രീയവും മറ്റ് കാര്യങ്ങളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ഗോകുൽ. 'ഗഗനചാരി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി വരുമ്പോൾ പോലും അച്ഛന്റെ രാഷ്ട്രീയ കാര്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് താരം പറഞ്ഞു. എപ്പോഴേങ്കിലും ഈ ഒരു രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് 100 ശതമാനം തോന്നിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'100 ശതമാനം രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ആ ഭാരം നമ്മളെ കൊണ്ട് എടുപ്പിക്കുകയാണ്. നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും. അത് കുറച്ച് ബുദ്ധിമുട്ടാണ്. ഞാൻ മാത്രമല്ല നിരവധി പേർ ഇതിന്റെ കരുവാകുന്നു. ബാക്കിയുള്ള സാഹോദരങ്ങൾ ഇതിൽ നിന്ന് കുറച്ച് മാറി നിൽക്കുന്നുണ്ട്. എല്ലാവരും കൂടി പറഞ്ഞ് ഓവർ ആവേണ്ടയെന്ന് കരുതിയിട്ടാണ്. തൽക്കാലം ഞാൻ മാത്രം അച്ഛന്റെ റോട്ട്‌വീലറായി നിൽക്കുന്നത്', ഗോകുൽ സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് കമന്റ് ഇടുന്നത് മാസ് എന്ന് കരുതിയല്ലെന്നും വളരെ വിഷമത്തേടെയാണ് കമന്റിടുന്നതെന്നും ഗോകുൽ പറഞ്ഞു. അത് പറഞ്ഞ് ചിരിക്കുമ്പോഴും തനിക്ക് വേദനയുണ്ടെന്ന് താരം വ്യക്തമാക്കി.

Advertisement
Advertisement