ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ഡൽഹിയും ബംഗളൂരുവും അല്ല, മദ്യപിക്കാൻ ചെലവ് കുറവ് തലസ്ഥാനത്തുതന്നെ

Wednesday 19 June 2024 1:08 PM IST

മുംബയ്: രാജ്യത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം മുംബയ് ആണെന്ന് സർവേ ഫലം. എച്ച്ആർ കൺസൾട്ടൻസിയായ മെർസർ നടത്തിയ 2024 ലെ കോസ്റ്റ് ഓഫ് ലിവിംഗ് സർവേയിലാണ് തുടർച്ചയായി മുംബയ് ഒന്നാംസ്ഥാനം നിലനിർത്തുന്നത്. 2013-ൽ സർവേ ആരംഭിച്ചതു മുതൽ മുംബയാണ് ചെലവിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്തുള്ളത്.

പട്ടിക തയ്യാറാക്കാൻ ലോകത്തെ 226 നഗരങ്ങളെയാണ് വിലയിരുത്തിയത്. കഴിഞ്ഞവർഷത്തേക്കാൾ നിലമെച്ചപ്പെടുത്തിയ മുംബയ് പട്ടികയിൽ പതിനൊന്ന് സ്ഥാനങ്ങൾ മുന്നിലേക്ക് കയറുകയും ചെയ്തു. നിലവിൽ 136-ാം സ്ഥാനത്താണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയ്.

പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച്, ജനീവ, ബാസൽ, ബേൺ, ന്യൂയോർക്ക് സിറ്റി, ലണ്ടൻ, നസാവു, ലോസ് ഏഞ്ചൽസ് എന്നിവയാണ്. മുംബയ്‌ക്കൊപ്പം രാജ്യതലസ്ഥാനമായ ഡൽഹി, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്,പൂനെ,കൊൽക്കത്ത തുടങ്ങിയ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുപ്പതാം സ്ഥാനത്താണ് ഡൽഹി.

'തൊഴിൽ വളർച്ച, ഉയരുന്ന മദ്ധ്യവർഗം, വലിയ തോതിൽ പ്രതിരോധശേഷിയുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ ജീവിതച്ചെലവിനെ ഗുണപരമായി സ്വാധീനിച്ചു. മുംബയുടെ റാങ്കിംഗിൽ ഉയർച്ചയുണ്ടായിട്ടും, മറ്റ് ഇന്ത്യൻ നഗരങ്ങളുടെ മൊത്തത്തിലുള്ള താങ്ങാനാവുന്ന ജീവിതച്ചെലവ് ബഹുരാഷ്ട്ര സ്ഥാപനങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന പ്ലസ് പോയിന്റായി നിലനിൽക്കുന്നു' മെർസറിലെ ഇന്ത്യൻ മൊബിലിറ്റി നേതാവ് രാഹുൽ ശർമ്മ പറയുന്നു.

ഗതാഗതച്ചെലവ് ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുന്നതും മുംബയ് തന്നെയാണ്. തൊട്ടുപിന്നിലുള്ളത് ബംഗളൂരുവാണ്. മദ്യം, പുകയില തുടങ്ങിയവയ്ക്ക് ഏറ്റവും വിലകുറഞ്ഞത് ഡൽഹിയിലാണ് എന്നതാണ് സർവേയിൽ വ്യക്തമായ മറ്റൊരു രസകരമായ വസ്തുത. ഇവ ലഭിക്കാൻ ഏറെ പണംമുടക്കേണ്ടത് ചെന്നൈയിലാണ്.

Advertisement
Advertisement