'അമ്മ' പ്രസിഡന്റായി വീണ്ടും മോഹൻലാൽ, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

Wednesday 19 June 2024 2:22 PM IST

കൊച്ചി: മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹൻലാൽ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ദിക്ക്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.

രണ്ട് പതിറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാൻ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂൺ 30 ന് ആണ് അമ്മയുടെ വാർഷിക ജനറൽ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. അധികാര ദുർവിനിയോഗം ചെയ്യാത്തയാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നും ബാബു പറഞ്ഞിരുന്നു.

'ഇനി ചിലപ്പോൾ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്പ് മാറാനാണ് തീരുമാനം. പുതിയ ആൾക്കാർ‌ വരേണ്ട സമയമായി. പുതിയ ചിന്തകൾ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്‌റ്റാണ് ജനറൽ സെക്രട്ടറിയുടേത്. അതൊന്നും ദുരുപയോഗം ചെയ്യാത്തയാൾ വരണമെന്നാണ് ആഗ്രഹം.ഞാനില്ലെങ്കിൽ ലാലേട്ടൻ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചർച്ചയിൽ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകൾക്ക് രാഷ്‌ട്രീയം വന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. മുമ്പ് ആർക്കും രാഷ്‌ട്രീയമില്ലായിരുന്നു.

ഇപ്പോൾ എല്ലാവർക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം വന്നു. അത് പൊതുജനങ്ങൾക്ക് അറിയുകയും ചെയ്യാം. ആ തോന്നലാണ് അമ്മയ‌്‌ക്കുണ്ടായ ഏറ്റവും വലിയ അപകടം. അന്നുമുതൽ വിമർശനങ്ങൾക്ക് ശക്തി കൂടി.ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾ കൊണ്ടുപോകാൻ മൂന്ന് കോടി രൂപ റെഗുലർ വേണം. അതുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ ശ്രമം ഉണ്ടായാലേ നടക്കൂ. അല്ലാത്ത പക്ഷം വണ്ടി എവിടെയെങ്കിലും ബ്ളോക്ക് ആകും' എന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

മൂന്നുകൊല്ലത്തിൽ ഒരിക്കലാണ് സംഘടനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം മുപ്പതിന് കൊച്ചിയിലാണ് ഇത്തവണത്തെ പൊതുയോഗം. ഈ മാസം മൂന്നുമുതലാണ് വിവിധ തലങ്ങളിൽ മത്സരിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് പത്രിക സ്വീകരിച്ചുതുടങ്ങിയത്. വോട്ടിംഗിന് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയില്‍ ഉള്ളത്.

സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇത്തവണത്തെ പൊതുയോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷേമപ്രവർത്തനങ്ങൾക്കും ഇൻഷുറൻസിനും പ്രവർത്തനച്ചെലവിനും ഉൾപ്പെടെ കാര്യമായ തുക പ്രതിവർഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങൾക്ക് നിലവിൽ അമ്മ കൈനീട്ടം നൽകുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. അതിനാൽ സാമ്പത്തിക വരുമാനം ഉയർത്താൻ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement