ബലിപെരുന്നാളിനെ വിമർശിച്ച് വാട്‌സാപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടു, സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി

Wednesday 19 June 2024 2:57 PM IST

കോഴിക്കോട്: മതസ്‌പർദ്ധ വരുത്തുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റിട്ട സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി. ബലിപെരുന്നാളിനെതിരെ പ്രാദേശിക വാട്‌സാപ്പ് കൂട്ടായ്‌മയിൽ പോസ്‌റ്റിട്ടതിനാണ് കോഴിക്കോട് പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ ഷൈജലിനെതിരെ പാർട്ടി നടപടിയെടുത്തത്. ബലിപെരുന്നാൾ ആശംസയറിയിച്ച പോസ്റ്റിന് താഴെയാണ് ഇയാൾ പെരുന്നാളിനെതിരായി കമന്റ് ചെയ്‌തത്.

കോഴിക്കോട് പുതുപ്പാടിയിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്പർമാരുമെല്ലാം ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആണ് വിവാദ പരാമർശം ഷൈജൽ നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഗ്രൂപ്പിൽ ബക്രീദ് ആശംസയിട്ടു. ഇതിന് ചുവട്ടിലാണ് ഇയാൾ മതസ്‌പർദ്ധ വർദ്ധിപ്പിക്കുന്ന തരം പ്രസ്‌താവനയിട്ടത്.

സംഭവത്തിൽ ഷൈജലിനെതിരെ മുസ്‌ലീം ലീഗ് താമരശേരി പൊലീസിൽ പരാതി നൽകി, മതസ്‌പർദ്ധ വളർത്തുന്നതാണ് ഷൈജലിന്റെ പ്രസ്‌താവനയെന്ന് പരാതിയിൽ പറയുന്നു. പല മത സംഘടനകളും ഷൈജലിന്റെ പ്രസ്‌താവനയെ അതിശക്തമായി വിമർശിച്ചു. അതേസമയം തന്റെ പ്രസ്‌താവന വിവാദമായതോടെ ഷൈജൽ ഖേദം പ്രകടിപ്പിച്ചു.

ഇതിനിടെ പീഡനക്കേസിൽ പുറത്തായ സിപിഎം പ്രവർത്തകനെ പാർട്ടി തിരിച്ചെടുത്തു, പത്തനംതിട്ട തിരുവല്ല ലോക്കൽ കമ്മിറ്രിയംഗം സി.സി സജിമോനെയാണ് പാർട്ടി തിരിച്ചെടുത്തത്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലും അടുത്തകാലത്ത് പാർട്ടിപ്രവർത്തകയായ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ സംഭവങ്ങളിൽ ആരോപണ വിധേയനായ സജിമോൻ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ പരിശോധനയുടെ ഫലം അട്ടിമറിക്കുകയും ചെയ്‌തെന്ന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് ഇയാളെ പാർട്ടി തിരിച്ചെടുത്തത്.

Advertisement
Advertisement