ലക്ഷങ്ങൾ വിലവരുന്ന റോളക്‌സ് വാച്ച് പശു തിന്നു, തിരിച്ചുകിട്ടാൻ 50 വർഷം കാത്തിരിക്കേണ്ടി വന്നെന്ന് ഉടമ

Wednesday 19 June 2024 3:42 PM IST

ലണ്ടൻ: 50 വർഷം മുമ്പ് പശു തിന്ന റോളക്‌സ് വാച്ച് ഉടമയ്‌ക്ക് തിരികെ കിട്ടി. 95കാരനായ ജെയിംസ് സ്റ്റീൽ എന്ന കർഷകനാണ് അരനൂറ്റാണ്ടിന് ശേഷം വാച്ച് തിരികെ ലഭിച്ചത്. 1970കളിലാണ് തന്റെ വാച്ച് നഷ്‌ടപ്പെട്ടതെന്ന് ജെയിംസ് പറഞ്ഞു. പുല്ലിനോടൊപ്പം പശു വാച്ചും കഴിച്ചുകാണും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

എന്നാൽ, അദ്ദേഹത്തിന്റെ സ്ഥലത്ത് നിന്ന് തന്നെയാണ് വാച്ച് കണ്ടെത്തിയത്. മെറ്റൽ ഡിറ്റക്‌ടറിന്റെ സഹായത്തോടെയാണ് നീണ്ട 50 വർഷങ്ങൾക്ക് ശേഷം വാച്ച് കണ്ടെത്തിയത്. 'ഞാൻ വളരെ സന്തോഷവാനാണ്. ഈ വാച്ച് ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ വാച്ച് എനിക്ക് കിട്ടി. അതിന്റെ ചെയിനിന്റെ പകുതി ഭാഗമേ കിട്ടിയുള്ളു. ബാക്കി നശിച്ചുപോയിരിക്കാം' , ജെയിംസ് പറ‌ഞ്ഞു.

തിരികെ കിട്ടിയെങ്കിലും വാച്ചിന്റെ പ്രവർത്തനം നിലച്ചിട്ടുണ്ട്. മാത്രമല്ല, വാച്ചിൽ മുഴുവൻ പായലും പിടിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയും വർഷമായിട്ടും വാച്ചിൽ തുരുമ്പ് പറ്റിയിട്ടില്ലെന്നും ജെയിംസ് പറഞ്ഞു. വാച്ച് കണ്ടെത്താൻ സഹായിച്ച മെറ്റൽ ഡിറ്റക്‌ടർ വിദഗ്ദ്ധനെയും ജെയിംസ് അഭിനന്ദിച്ചു. തന്റെ സ്ഥലത്ത് നിന്നും ഇനിയും വിലപ്പെട്ട സാധനങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജെയിംസ് പറഞ്ഞു. അതിനായി വീണ്ടും മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Advertisement
Advertisement