ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണോ? എങ്കിൽ ഈ സഹാേദരിമാരെ മാതൃകയാക്കിക്കാേളൂ

Wednesday 19 June 2024 4:13 PM IST

ന്യൂഡൽഹി:എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. ഡൽഹിയിലെ സഹോദരിമാരായ അനുജ ഗുപ്തയും പ്രതീക്ഷ ഗുപ്തയും ഇത് നൂറുശതമാനം ശരിയെന്ന് സമ്മതിക്കും. ലോകത്താകെ പടർന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ ബിസിനസ് സാമ്രാജ്യം തന്നെ ഇതിന് ഉദാഹരണം. വെറും ഒരുലക്ഷം രൂപ നിക്ഷേപത്തിൽ തുടങ്ങിയ ബിസിനസ് ഇന്ന് കോടികളുടെ വിറ്റുവരവിലേക്ക് വളർന്നിരിക്കുകയാണ്. ന്യൂജെൻ തലമുറ മാതൃകയാക്കേണ്ട രണ്ട് വ്യക്തിത്വങ്ങൾ കൂടിയാണ് ഈ സഹോദരിമാർ.


പിന്നാമ്പുറം
ഒരു ഇൻസ്റ്റാഗ്രാം പേജും ഒരുലക്ഷം രൂപയും. തികച്ചും സാധാരണകുടുംബത്തിൽനിന്നുവന്ന സഹോദരിമാരുടെ വിജകഥ അവിടെ തുടങ്ങുകയാണ്. 2020 ഫെബ്രുവരിയിലാണ് ഇവരുടെ ബിസിനസ് സ്വപ്നങ്ങൾ ചിറകിലേറിയത്. കൊവിഡ് ഉയർത്തുന്ന വെല്ലുവിളിയിൽപ്പെട്ട് ഒട്ടുമിക്ക ബിസിനസ് സംരംഭങ്ങളും പൂട്ടിക്കെട്ടുന്ന അവസരത്തിലായിരുന്നു ഇതെന്ന് ഓർക്കണം. 'ചൗക്കത്ത്' എന്നായിരുന്നു പുതിയ സംരംഭത്തിന് ഇവർ പേരിട്ടത്.

ഷോർട്ട് ചിക്കൻകാരി കുർത്തികൾ, പലാസ, സാരികൾ എന്നിവയിലെ വെറും നാൽപ്പത് പീസുകൾ മാത്രമായിരുന്നു ചൗക്കത്തിലെ ആദ്യത്തെ കച്ചവട ഐറ്റങ്ങൾ. ഇരുപതിനായിരത്തിനകത്തായിരുന്നു ഓരോന്നിനും വില. കൊവിഡ് കാലം, മിക്കവരുടെയും കൈയിൽ പൈസയില്ല. അതിനാൽ ഐറ്റങ്ങൾ വിറ്റുപോകുമെന്ന് ഒരു ഉറപ്പും ഇല്ല. പക്ഷേ പിന്മാറാൻ അവർ ഒരുക്കമായിരുന്നില്ല. സഹോദരിമാരുടെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു തുടർന്ന് നടന്ന കാര്യങ്ങൾ.

വിൽപ്പനയ്ക്ക് വച്ചവ ചൂടപ്പംപോലെ വിറ്റുപാേയി. ആദ്യമാസം തന്നെ ഓർഡറുകളുടെ കുത്തൊഴുക്കായിരുന്നു. 34 ഓർഡറുകളാണ് ആ മാസം ലഭിച്ചത്. അതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. കൂടുതൽ ഓർഡറുകൾ ലഭിച്ചതോടെ ലോജിസ്റ്റിക്സ് സ്ഥാപനമായ ഡൽഹിവെറിയുമായി അവർ കരാറിൽ ഏർപ്പെട്ടു. ഇതിലൂടെ ആവശ്യക്കാർക്ക് വളരെവേഗം സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞതോടെ വിശ്വാസത്തിന്റെ അടയാളമായി ചൗക്കത്ത് മാറി.

ഐഡിയ ഈസ് ഗുഡ്
വിലക്കൂടുതലാണ് ചിക്കൻകാരി കുർത്തികൾക്കെന്ന ധാരണ തിരുത്താൻ കഴിഞ്ഞതാണ് ചൗക്കത്തിന്റെ വിജയത്തിന് ശരിക്കും വഴിമരുന്നിട്ടത്. ഗുണമേന്മ ഒട്ടുംകുറയാതെ കുറഞ്ഞ വിലയിൽ ചിക്കൻകാരി കുർത്തികൾ നൽകുവാൻ കഴിയുമെന്ന് ഇവർ തെളിയിച്ചു. തുടങ്ങി ഇരുപതുദിവസം കഴിഞ്ഞപ്പോൾ ലോക്‌ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടുപോലും അതിന്റെ ക്ഷീണമൊന്നുമില്ലാതെ ചൗക്കത്തിന് മുന്നേറാൻ കഴിഞ്ഞതും ഈ വിശ്വാസം കൊണ്ടാണ്.

കൊവിഡ് മൂലം മറ്റുസ്ഥലങ്ങളിൽപ്പോയി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ സ്വന്തമായി രൂപകല്പനചെയ്യാൻ ഇരുവരും തീരുമാനിച്ചു. അതും മറ്റൊരു നാഴികക്കല്ലായി. ഇപ്പോൾ ചൗക്കത്തിന് നോയിഡയിൽ ഓഫീസും 45 ജീവനക്കാരുമുണ്ട്. ഇന്ത്യയിൽ ഉടനീളമുളള 5000 നെയ്ത്തുകാരുമായി പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലും ചൗക്കത്തിന് ഇടപാടുകാരുണ്ട്. ഓർഡറുകളിൽ എഴുപതുശതമാനത്തിലേറെയും വിതരണം ചെയ്യുന്നത് ഓൺലൈനായി തന്നെയാണ്.

ഇതായിരുന്നു സമയം

സഹാേദരിമാരായിരുന്നു എങ്കിലും ഇങ്ങനെ ഒരുമിച്ച് ബിസിനസ് തുടങ്ങുമെന്ന് അവർ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. ഡൽഹി ദയാനന്ദ് വിഹാറിലെ ഡിഎവി പബ്ലിക് സ്കൂളിലായിരുന്നു ഇവർ പഠിച്ചെങ്കിലും പിന്നീട് വ്യത്യസ്ത കോളേജുകളിലേക്ക് പോയി. മാത്രമല്ല ഇരുവരുടെയും അഭിരുചിയും വ്യത്യസ്തമായിരുന്നു. 2018-ൽ NIIFT-മൊഹാലിയിൽ നിന്ന് ഫാഷൻ/അപ്പാരൽ ഡിസൈനിൽ ബിരുദം പൂർത്തിയാക്കിയ പ്രതീക്ഷയാണ് ചൗക്കത്തിന്റെ ശരിക്കുമുള്ള സ്രഷ്ടാവ്. ഇംഗ്ലീഷ് ഹോണേഴ്‌സ് ബിരുദധാരിയായ അനൂജ 2016-ൽ ഒഡീഷയിലെ ഐഐഎംസി-ധെങ്കനാലിൽ നിന്ന് ഇംഗ്ലീഷ് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കി.

അതേ വർഷം തന്നെ ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ 2017 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയിൽ ചേർന്നു.സഹോദരിയെ വസ്ത്രങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സഹോദരിയായിരുന്നു. പൂർണ പിന്തുണയുമായി രക്ഷിതാക്കളും ചേർന്നതോടെ ഇന്നത്തെ അഞ്ചുകോടി വിറ്റുവരവിലേക്ക് എത്തി.

Advertisement
Advertisement