'അമ്മ'യുടെ ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ; തിരഞ്ഞെടുത്ത് എതിരില്ലാതെ

Wednesday 19 June 2024 5:06 PM IST

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്. രമേഷ് പിഷാരടി, റോണി ഡേവിജ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ. അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗങ്ങലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.

നേരത്തെ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ദിക്ക്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.

രണ്ട് പതിറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാൻ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂൺ 30 ന് ആണ് അമ്മയുടെ വാർഷിക ജനറൽ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. അധികാര ദുർവിനിയോഗം ചെയ്യാത്തയാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നും ബാബു പറഞ്ഞിരുന്നു.

Advertisement
Advertisement