''സെക്കന്റ് ഹാഫ് ചെയ്യാനിരുന്നത് ലാലങ്കിളും അച്ഛനും'', മോഹൻലാൽ ഡേറ്റ് കൊടുത്തു, പക്ഷേ ശ്രീനിവാസൻ

Wednesday 19 June 2024 5:20 PM IST

വിനീത് ശ്രീനിവാസൻ ചിത്രം എപ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകാറുണ്ട്. അടുത്തിടെ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷവും ആ പ്രതീക്ഷ തെറ്റിച്ചില്ല. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം നിവിൻ പോളിയുടെ ഇടിവെട്ട് അതിഥി വേഷവും പ്രേക്ഷകനെ തിയേറ്ററിലെത്തിച്ചു. ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ.

''ഡ്രൈവറായി മറ്റൊരു ഓപ്‌ഷൻ വയ‌്ക്കൂ എന്ന് തുടക്കം മുതലേ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു. പുള്ളി തന്നെ എഴുതിയ കഥയായതുകൊണ്ട് ഓഡിയൻസിന് തോന്നും, എന്തിനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന്. വിശാഖിനായിരുന്നു നിർബന്ധം. ഞങ്ങളെല്ലാവരും ഒരുമിച്ച് വേണമെന്ന് അവന് നിർബന്ധമായിരുന്നു. ഏട്ടന് ആ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു. ഡ്രൈവറിന്റെ റോൾ ചെയ്യാൻ താൽപര്യവുമില്ലായിരുന്നു.

അതുപോലെ തന്നെയാണ് പ്രണവിന്റെ മേക്കപ്പും. അജു വർഗീസ് അടക്കമുള്ളവർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ പ്രണവിന്റെ ലുക്കിൽ ഏട്ടൻ ഓകെ ആയിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫ് ചെയ്യാനിരുന്നത് അച്ഛനും ലാലങ്കിളുമായിരുന്നു. ആദ്യത്തെ പ്ളാൻ ആയിരുന്നു അത്. ലാലങ്കിൾ ഡേറ്റ് കൊടുത്തതുമാണ്. അച്ഛന് വയ്യാതായപ്പോഴാണ് ചേഞ്ച് വന്നത്. അവർ ആയിരുന്നെങ്കിൽ കഥയിലുൾപ്പടെ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു''.

ഡ്രാമയും ഇമോഷണൽ ഡ്രാമയുമൊന്നും ഒടിടി പ്ളാറ്റ്‌ഫോമിൽ കണ്ടിരിക്കാൻ കഴിയില്ലെന്ന് ധ്യാൻ പറയുന്നു. നമുക്ക് ബോറടിക്കും. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ലാഗ് ഉണ്ടെന്നും, എന്നാൽ വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ തന്റേതായ ചില പൊടിക്കൈകൾ ഉപയോഗിച്ച് അതിനെ മറികടന്നിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.

Advertisement
Advertisement