ശുചിമുറി മാലിന്യം മെഡി.കോളേജിലേക്ക്; മാലിന്യപ്പറമ്പാകുമോ ആതുരാലയം (ഒപ്പീനിയൻ)

Thursday 20 June 2024 12:20 AM IST

ന​ഗ​ര​ത്തി​ലെ ശുചിമുറി മാ​ലി​ന്യം വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ലാ​ന്റി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കാ​നു​ള്ള കോഴിക്കോട് കോർപ്പറേഷൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. ആശുപത്രിയിലെ മാലിന്യസംസ്കരണം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അധികൃതർ ഇങ്ങനെയൊരു തീരുമാനമെടുത്തതിനെതിരെയാണ് പല കോണുകളിൽ നിന്നായി വിമർശനം ഉയരുന്നത്.പ്രതിഷേധവുമായി ആശുപത്രി ജീവനക്കാരും വിദ്യാർത്ഥികളും രംഗത്തെത്തുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. ഈ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ, വിദ്യാർത്ഥികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വീട്ടമ്മമാർ ഉൾപ്പടെ മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ സമരം തീർക്കുകയും ചെയ്തു. മെഡിക്കൽ കോളേജിനെ മറ്റൊരു ഞെളിയൻ പറമ്പാക്കാൻ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ പക്ഷം.

പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ

ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ മെഡിക്കൽ കോളേജ് പോലൊരു സ്ഥലത്താണോ നഗരത്തിലെ മുഴുവൻ കക്കൂസ്‌ മാലിന്യവും കൊണ്ടുവരുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം. നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തതിനാൽ കക്കൂസ് മാലിന്യം കടലിലും പുഴയിലും ഓടകളിലുമൊക്കെയാണ് തള്ളുന്ന സാഹചര്യം ഒഴിവാക്കാനാണ് മെഡിക്കൽ കോളേജ് പ്ലാന്റ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്നാണ് കോർപറേഷന്റെ വാദം. എന്നാൽ കോർപ്പറേഷന് സ്വന്തമായി ധാരാളം സ്ഥലം ഉണ്ടെന്നിരിക്കെ അവിടെയൊന്നും പ്ലാന്റ് സ്ഥാപിക്കാതെ നഗരത്തിലെ മാലിന്യം മുഴുവൻ സംസ്കരിക്കാൻ ഒരു ആശുപത്രി തിരഞ്ഞെടുത്തതിലാണ് ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നത്. മെഡിക്കൽ കോളേജിന്റെ തന്നെ പല ഭാഗത്തും സ്ഥലം ഒഴിഞ്ഞു കിടക്കുമ്പോൾ ജീവനക്കാരുടെ താമസസ്ഥലവും ഹോസ്റ്റലുകളുമുള്ള ഭാഗത്ത് പ്ലാന്റ് സ്ഥാപിച്ചതിലും ആളുകൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. സംഭവത്തിൽ കളക്ടർ സ്നേഹിൽകുമാർ സിംഗിനെ നേരിൽക്കണ്ട് മെമ്മോറാണ്ടം നൽകിയിരിക്കുകയാണ് ആക്ഷൻ കൗൺസിൽ നേതാക്കൾ. പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം വിളിച്ചു ചേർക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് കളക്ടറുടെ മറുപടി. അതേ സമയം പദ്ധതിയിൽ ആശങ്ക വേണ്ടെന്നും ശാസ്ത്രീയമായുമാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നുമാണ് കോർപ്പറേഷൻ പറയുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ദുർഗന്ധം, ചോർച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക് ചെയ്തുനോക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വാ‌ദം. മഞ്ഞപ്പിത്തം ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കക്കൂസ് മാലിന്യം പ്ലാന്റിൽ സംസ്‌കരിക്കാൻ തീരുമാനിച്ചതെന്നാണ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചത്.

മറ്റു പ്ലാന്റുകൾ

പൂർത്തിയാവത്തതിനാൽ

മെഡി. കോളേജ്

ആ​വി​ക്ക​ൽ, കോ​തി മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കേ​ണ്ട സ​മ​യ​മാ​യി​ട്ടും പ്ര​തി​ഷേ​ധം കാ​ര​ണം തു​ട​ങ്ങാനാവാത്ത

സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിലെ പ്ലാന്റിൽ നഗരത്തിലെ ശുചിമുറി മാലിന്യം സംസ്കരിക്കാനുള്ള പദ്ധതിയുമായി കോർപറേഷനെത്തിയത്. എന്നാൽ മെഡിക്കൽ കോളേജിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ സ്ഥാപിച്ച മലിനജല സംസ്കരണ പ്ലാന്റുകൾ ഇപ്പോഴും മെഡിക്കൽ കോളേജിലെ മുഴുവൻ സ്ഥാപനങ്ങളേയൊ പ്ലാന്റുമായോ ബന്ധിപ്പിച്ചില്ല. ഇതിനിടയിലാണ് നഗരത്തിലെ കക്കൂസ്‌ മാലിന്യം കൂടി മെഡിക്കൽ കോളേജിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കം നടക്കുന്നത്. നിലവിലെ പ്ലാന്റിന്റെ അശാസ്ത്രീയ പ്രവർത്തനംകൊണ്ട് പരിസരത്താകെ അസഹനീയമായ ദുർഗന്ധമാണ് പകരുന്നത്. കൊതുകു ശല്യവും രൂക്ഷമാണ്. ഈ ദുർഗന്ധവും സഹിച്ചാണ് ആയിരക്കണക്കിന് രോഗികൾ ആശുപത്രിയിൽ എത്തുന്നത്. പ്ലാന്റിന്റെ സമീപത്ത് ഓട്ടേറെ ജീവനക്കാർ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് പാരാ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലും. കഴിഞ്ഞ ദിവസം പ്സാന്റിലടിഞ്ഞ ചെളി നീക്കം ചെയ്തതിലുണ്ടായ അപാകത മൂലം മഴ പെയ്തതോടെ മാലിന്യം ക്വാട്ടേഴ്സ് ഭാഗത്തേക്ക് ഒഴുകിയെത്തി. കോളേജിന്റെ പ്രധാന കവാടം (ജൂബിലി ഗേറ്റ്) വഴി മാലിന്യം കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. മെഡിക്കൽ കോളേജിലെ കക്കൂസ്‌ മാലിന്യത്തിൽ ഒരു ഭാഗം ഇപ്പോഴും ഓട വഴി പുറത്തേക്കൊഴുകുന്ന സാഹചര്യം നിലനിൽക്കെ പുറത്തെ കക്കൂസ്‌ മാലിന്യം കൂടി തിരക്കുപിടിച്ച് ഇങ്ങോട്ടുകൊണ്ടുവരനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

പൂർത്തിയാകാതെ നിർമ്മാണം

കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിൽ രണ്ട് എം.എൽ.ഡി. ശേഷിയുള്ള പ്ലാന്റും ഒരു എം.എൽ.ഡി. ശേഷിയുള്ള മറ്റൊരു പ്ലാന്റും കോർപ്പറേഷൻ നിർമിച്ചുനൽകിയത്. 20 ലക്ഷം ലിറ്റർ ശേഷിയുള്ളതാണ് രണ്ട് എം.എൽ.ഡി. പ്ലാന്റ്. 10 ലക്ഷം ലിറ്ററാണ് ഒരു എം.എൽ.ഡി. പ്ലാന്റിന്റെ ശേഷി. എല്ലാ സ്ഥാപനങ്ങളും പ്ലാന്റുമായി ബന്ധിപ്പിച്ച് കഴിഞ്ഞശേഷം പരിസരത്തുള്ള സ്ഥലങ്ങളിൽ നിന്നു മാത്രം മാലിന്യം ശേഖരിച്ച് സംസ്കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പെട്ടെന്ന് തീരുമാനം മാറ്റി നഗരത്തിലെ കക്കൂസ്‌ മാലിന്യം മുഴുവൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വരികയായിരുന്നു. അതേ സമയം മലിനജല സംസ്കരണ പ്ലാന്റുമായി സ്ഥാപനങ്ങൾ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളൊന്നും തന്നെ പൂർത്തിയായിട്ടില്ല. നിലവിൽ മെഡിക്കൽ കോളേജും മാതൃശിശു സംരക്ഷണ കേന്ദ്രവും മാത്രമാണ് പൂർണമായും പ്ലാന്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതാകട്ടെ മെഡിക്കൽ കോളേജു തന്നെ ആദ്യം നിർമിച്ച രണ്ട് എം.എൽ.ഡി. പ്ലാന്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, പത്ത് ഹോസ്റ്റലുകൾ, ഇന്ത്യൻ കോഫി ഹൗസ്, ചെസ്റ്റ് ഹോസ്പിറ്റൽ, ടെറിഷ്യറി കാൻസർ സെന്റർ എന്നിവ രണ്ട് എം.എൽ.ഡി. പ്ലാന്റുമായും ലക്ചർ തിയേറ്റർ കോംപ്ലക്സ്, ദന്തൽ കോളേജ്, നഴ്സിംഗ് കോളേജ്, പഴയ കാഷ്വാലിറ്റിയുടെ ഭാഗം, പേവാർഡുകൾ തുടങ്ങിയവയാണ് ഒരു എം.എൽ.ഡി. പ്ലാന്റുമായും ബന്ധിപ്പിക്കേണ്ടത്. എല്ലാ സ്ഥാപനങ്ങളിൽനിന്നും പൈപ്പിട്ട് പ്രധാന ടാങ്കിലേക്ക് എത്തിക്കേണ്ട പണികൾ ഇനിയും ബാക്കിയുണ്ട്. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡിവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്.) ഇതിനുള്ള തുക കണ്ടെത്തെണമെന്നാണ് കോർപ്പറേഷന്റെ നിർദ്ദേശവും. ഈ പണികൾക്കെല്ലാം കൂടി പി.ഡബ്ല്യു.ഡി. ഒന്നരക്കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. എല്ലാ കെട്ടിടങ്ങളും ബന്ധിപ്പിച്ചാൽ മെഡിക്കൽ കോളേജിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

Advertisement
Advertisement