മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച് അഭിസംബോധന; മരിച്ചത് വൃദ്ധനല്ലേയെന്നും ചോദ്യം; വിവാദ പരാമര്‍ശവുമായി സുധാകരന്‍

Wednesday 19 June 2024 6:49 PM IST

കണ്ണൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും ബാക്കി പ്രതികരണം അപ്പോള്‍ നടത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവന്‍ എന്ന വാക്ക് ഉപയോഗിച്ച് മോശം പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്.

പിണറായി വിജയനെ വിവരം കെട്ടവനെന്ന് വിളിച്ച സുധാകരന്‍ തന്റെ പ്രതികരണത്തിനിടെ മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. അവന്‍ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ച് കൊന്ന ആളെത്ര. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതല്ലേ വെട്ടാനും കൊല്ലാനും എന്നായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍.

പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ?ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.