കെ.രാധാകൃഷ്ണൻ 22ന് ഇന്ദ്രപ്രസ്ഥത്തിലേക്ക്, ലാളിത്യത്തിന്റെ ഊർജ്ജം

Thursday 20 June 2024 12:59 AM IST

സംസ്ഥാന മന്ത്രിസഭയിൽ ലാളിത്യത്തിന്റെ മുഖമായിരുന്ന കെ. രാധാകൃഷ്ണൻ ഇനി പാർലമമെന്റിൽ ചെങ്കനലായി ശോഭിക്കും. ലളിതജീവിതവും വിനയവുംകൊണ്ട് ഏവരുടെയും ആദരം നേടിയ കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവച്ച് പാർലമെന്റ് അംഗമാകാനായി പോകുമ്പോൾ സന്തോഷമല്ല, വിഷമമാണ് സാധാരണക്കാർക്ക്. പ്രത്യേകിച്ച്,​ ന്യായമായ എന്തെങ്കിലും ആവശ്യങ്ങൾക്ക് അദ്ദേഹത്തെ സമീപിച്ചിട്ടുള്ളവർക്ക്.

ആർക്കും എപ്പോഴും സമീപിക്കാവുന്ന മന്ത്രി. പട്ടിക വിഭാഗത്തിന്റെയും പിന്നാക്കക്കാരുടെയും ക്ഷേമം മുൻനിറുത്തി സാമൂഹ്യനീതിക്കായി അധികാരസ്ഥാനം ഉപയോഗപ്പെടുത്തിയ മന്ത്രിയെയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്. മൃദുവായിട്ടാണെങ്കിലും വ്യക്തമായാണ് മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും രാധാകൃഷ്ണൻ തന്റെ നിലപാടുകൾ ഉറപ്പിച്ചിരുന്നത്. 22ന് രാധാകൃഷ്ണൻ ഡൽഹിയിലേക്കു പോകും. 24നും 25നുമായാണ് എം.പിമാരുടെ സത്യപ്രതിജ്ഞ. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച്,​ ഒടുവിൽ ആലത്തൂരിൽ അഭിമാനം കാത്ത ജയം.

'സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്ക് നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥന്മാർക്കും നന്ദി"– ഇങ്ങനെ പറഞ്ഞാണ് കഴിഞ്ഞ ദിവസം രാധാകൃഷ്ണൻ നിയമസഭ വിട്ടിറങ്ങിയത്. മുഖ്യമന്ത്രിയുടെ അടുത്ത്,​ രണ്ടാമനായിട്ടായിരുന്നു രാധാകൃഷ്ണന്റെ ഇരിപ്പിടം. മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിലെ പരിചയസമ്പന്നനായ അംഗം. ചോദ്യോത്തരവേളയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യത്തിനാണ് നിയമസഭയിലെ അവസാന ഉത്തരം രാധാകൃഷ്ണൻ പറഞ്ഞത്.

ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നതു ദേവികുളത്തായത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായതിനാൽ ഓഫീസ് ഇടമലക്കുടിയിലേക്ക് മാറ്റിസ്ഥാപിക്കുമോ എന്നായിരുന്നു എം.വി.ഗോവിന്ദന്റെ ചോദ്യം. വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും,​ അതുണ്ടായാൽ ഉടൻ പഞ്ചായത്ത് ആസ്ഥാനം ഇടമലക്കുടിയിലേക്കു മാറ്റുമെന്നും മറുപടി നൽകിയതോടെ ചോദ്യോത്തരവേള അവസാനിച്ചു. സ്പീക്കർ എ.എൻ. ഷംസീർ രാധാകൃഷ്ണന് ആശംസ നേർന്നു. ശൂന്യവേളയിൽ കൊട്ടിയൂർ വൈശാഖോത്സവം സംബന്ധിച്ച് സണ്ണി ജോസഫ് ഉന്നയിച്ച സബ്മിഷനും മന്ത്രി മറുപടി നൽകിയിരുന്നു. ധനാഭ്യർത്ഥന ചർച്ചയിൽ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം കെ. രാധാകൃഷ്ണന് വിടവാങ്ങൽ പ്രസംഗം നടത്താൻ സ്പീക്കർ അവസരം നൽകിയിരുന്നു.

ചേലക്കരയുടെ

സ്വന്തം രാധ

1996- ൽ ചേലക്കരയിൽ നിന്ന് നിയമസഭയിലേക്ക് രാധാകൃഷ്ണന്റെ ആദ്യജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടികജാതി,​ പട്ടികവർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001-ൽ സീറ്റ് നിലനിറുത്തി. പ്രതിപക്ഷ വിപ്പായി. 2006-ൽ സ്പീക്കർ. 2011- ലും ചേലക്കര നിന്ന് വിജയിച്ചു. 2016-ൽ മത്സരിച്ചില്ല. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദളിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയാണ് അദ്ദേഹം.

ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ ചിന്നമ്മയുടെയും കൊച്ചുണ്ണിയുടെയും എട്ടുമക്കളിൽ ഒരുവനാണ് കെ. രാധാകൃഷ്ണൻ. പിന്നീട് ചേലക്കരയിലേക്ക് താമസം മാറി. അന്നുമുതൽ കൃഷിയിടത്തിൽ സജീവമാണ് അദ്ദേഹം. പഠിക്കാൻ പണം കണ്ടെത്തിയിരുന്നതും കൃഷിയിലൂടെയാണ്.

അവശവിഭാഗങ്ങളുടെ
രക്ഷകനായി

പട്ടിക വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി, ഊര് എന്നിങ്ങനെയുള്ള പേരുകൾ ഒഴിവാക്കി നഗർ എന്നും പ്രകൃതിയെന്നും വിളിക്കണമെന്ന ചരിത്രപരമായ തീരുമാനമെടുത്തുകൊണ്ടാണ് രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവച്ചത്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം അട്ടിമറിക്കാൻ നീക്കം നടന്നപ്പോഴൊക്കെ മന്ത്രിയുടെ ഇടപെടലുണ്ടായി. പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട 691 വിദ്യാർത്ഥികൾ ഇപ്പോൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നത് മന്ത്രി കെ.രാധാകൃഷ്ണന്റെ ഇടപെടലിലാണ്. 255 കുട്ടികൾ ഈ സെപ്തംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്.

150 ഗോത്രവർഗ കുട്ടികൾ എയർഹോസ്റ്റസുമാരായി. ഗോത്രവർഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതി, അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ചു കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായം, പട്ടികവർഗക്കാർ കഴിയുന്ന1285 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ... ഇങ്ങനെ നീളുന്നു അവശജനതയ്ക്കായി രാധാകൃഷ്ണൻ കൊണ്ടുവന്ന നേട്ടങ്ങൾ. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടന്ന കേരളീയം ആദിമം ലിവിങ് മ്യൂസിയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന ആരോപണമുണ്ടായപ്പോൾ ആദിവാസി വിഭാഗങ്ങൾ ഷോക്കേസിൽ വയ്ക്കപ്പെടേണ്ട ജനതയല്ലെന്നുംഅങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നുമുളള തന്റെ നിലപാട് രാധാകൃഷ്ണൻ വിളിച്ചുപറ‌ഞ്ഞിരുന്നു.

Advertisement
Advertisement