കേരള സർവകലാശാലയുടെ ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ

Thursday 20 June 2024 12:03 AM IST

സർവകലാശാലകൾ അക്കാഡമിക് പഠനം നടത്താനുള്ള കേന്ദ്രങ്ങൾ മാത്രമാണെന്നത് പഴയ സങ്കല്പമാണ്. പഠിച്ച് പുറത്തിറങ്ങി ജോലി അന്വേഷിക്കുന്ന നിലവിലുള്ള രീതി അപ്പാടെ മാറ്റുന്നതിന് സർവകലാശാലകളുടെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽശാലകളുടെ വികസനവും സാദ്ധ്യമാക്കിയാൽ നാടിന്റെ വികസനത്തിനും പുരോഗതിക്കും സക്രിയമായ സംഭാവനകൾ നൽകുന്ന കേന്ദ്രങ്ങൾ എന്ന നിലയിലേക്ക് സർവകലാശാലകൾ രൂപാന്തരം പ്രാപിക്കും. വൈകിയാണെങ്കിലും അതിനുള്ള ശ്രമങ്ങൾ പല സർവകലാശാലകളും തുടങ്ങുന്നുണ്ട് എന്നത് വളരെ സ്വാഗതാർഹമാണ്. കേരള സർവകലാശാലയുടെ ബഡ്‌ജറ്റിൽ ഒട്ടേറെ നവീനമായ പ്രഖ്യാപനങ്ങൾ വന്നിട്ടുള്ളതും ആ ഒരു മാറ്റത്തിലേക്കുള്ള സൂചനകൾ നൽകുന്നതാണ്. സർവകലാശാലയുടെ എനർജി മെറ്റീരിയൽ ആൻഡ് ഡിവൈസ് ലബോറട്ടറിയിൽ ഇലക്ട്രിക് ബാറ്ററികളിൽ ഉപയോഗിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ വികസിപ്പിക്കാനുള്ള തീരുമാനം വരുമാനം വർദ്ധിപ്പിക്കാനും,​ പഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ സാദ്ധ്യതകൾ ലഭ്യമാക്കാനും ഉതകുന്നതാണ്.

പുതിയ കാലം ഇലക്ട്രിക് വാഹനങ്ങളുടേതാണ്. അപ്പോൾ അതുമായി ബന്ധപ്പെട്ട ഘടകങ്ങൾ വികസിപ്പിക്കുന്നത് നാടിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നതിനു തുല്യമാണ്. അതുപോലെ തന്നെ സർവകലാശാലയും അതിന്റെ കീഴിലുള്ള കോളേജുകളും അത് സ്ഥിതിചെയ്യുന്ന പ്രദേശത്തിന് എന്തു സംഭാവന നൽകാനാവും എന്ന രീതിയിലും ചിന്തിക്കേണ്ടതാണ്. ഓരോ പ്രദേശത്തിനും അതിന്റേതായ മികവുകളും പോരായ്മകളും ഉണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ കടലാക്രമണമായിരിക്കും ഏറ്റവും രൂക്ഷമായ പ്രശ്നം. അത് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ എടുക്കേണ്ട ചുമതല സർക്കാരിനാണെങ്കിലും കടലാക്രമണത്തെക്കുറിച്ചും ശാസ്‌ത്രീയ പരിഹാര മാർഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്നതിനും സർവകലാശാലകൾക്ക് കഴിയും. ഇനി മറ്റൊരിടത്ത് ഉരുൾപൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെങ്കിൽ അതേക്കുറിച്ചും പഠനങ്ങൾ നടത്തി പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ടു വരേണ്ടത് സർവകലാശാലകളുടെ കടമ കൂടിയാണ്. അങ്ങനെ വരുമ്പോൾ,​ പഠിക്കുന്ന കുട്ടികൾക്കു മാത്രമല്ല,​ ഒരു നാടിനു മുഴുവൻ പ്രയോജനം ചെയ്യുന്ന കേന്ദ്രങ്ങളായി സർവകലാശാലകൾ മാറും.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരശോഷണം പഠിക്കാനും പനി കൂർക്കയുടെ ഔഷധഗുണം കണ്ടെത്താനും ചിലന്തികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തെക്കുറിച്ച് പഠിക്കാനും മറ്റും ഗവേഷണം നടത്തുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ ഒരുപക്ഷേ ഭാവിയിൽ വരുമാനത്തിന്റെ കാര്യത്തിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയിലേക്ക് സർവകലാശാലയെ നയിച്ചുകൂടെന്നില്ല. 836 കോടി രൂപയുടെ വരവും അത്ര തന്നെ ചെലവും വകയിരുത്തിയിട്ടുള്ള ബഡ്‌ജറ്റാണ് കേരള സർവകലാശാല അവതരിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ പ്രസിദ്ധമായ ശ്രീലങ്ക യാത്രയെ അനുസ്മരിക്കുന്നതിനായി ശ്രീലങ്കയിലേക്ക് സന്ദേശയാത്ര നടത്തുമെന്ന പ്രഖ്യാപനവും വേറിട്ടതാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെട്ട യാത്ര ഗുരുദർശനത്തെ ഗുരു നടത്തിയ ഏക വിദേശ യാത്രയുടെ വെളിച്ചത്തിൽ വിലയിരുത്താൻ സഹായിക്കുന്നതായിരിക്കുമെന്ന് കരുതാം. അയ്യാ വൈകുണ്ഠ സ്വാമിയുടെ പേരിൽ പ്രത്യേക ചെയർ സ്ഥാപിക്കുന്ന കാര്യവും സർവകലാശാല പരിഗണിക്കേണ്ട ഒന്നാണ്.

ആധുനിക കാലത്തിന്റെ അടിസ്ഥാനത്തിൽ ഗുരുക്കന്മാരുടെ സംഭാവനകളെ വിലയിരുത്തുന്നത് സാംസ്‌‌കാരികമായ നമ്മുടെ അടിത്തറ കൂടുതൽ കരുത്തുറ്റതും സ്‌നേഹാധിഷ്ഠിതവുമാക്കി മാറ്റുമെന്നതിൽ സംശയിക്കേണ്ടതില്ല. തിരുവനന്തപുരത്ത് ചിത്രശാല തുടങ്ങണമെന്ന രാജാരവിവർമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ തൈക്കാട്ടെ വിദ്യാഭ്യാസ പഠന വകുപ്പിന്റെ കെട്ടിടം രാജാരവിവർമ്മ ആർട്ട് ഗാലറിയാക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്. കാര്യവട്ടം ക്യാമ്പസിനെ അക്കാഡമിക് ടൂറിസ്റ്റ് സെന്ററാക്കുക, അഞ്ച് കായിക താരങ്ങളെ ദത്തെടുത്ത് കാര്യവട്ടം ക്യാമ്പസിൽ സൗജന്യ താമസം, ഭക്ഷണം, പരിശീലനം തുടങ്ങിയവ ഒരുക്കുക, യുവ ശാസ്ത്രജ്ഞർക്ക് അരലക്ഷം രൂപയുടെ പുരസ്കാരം നൽകുക, പുതിയ ഓൺലൈൻ കോഴ്സുകൾ തുടങ്ങുക എന്നിങ്ങനെ നിരവധി മികച്ച പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് ബഡ്‌ജറ്റ്. പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടു മാത്രം കാര്യമായില്ല; ഇതൊക്കെ പ്രാവർത്തികമാക്കാനുള്ള കൂട്ടായ യത്‌നവും ആവശ്യമാണ്.

Advertisement
Advertisement