മട്ടൺ ബിരിയാണിയിൽ തീരുന്ന അവലോകനം

Thursday 20 June 2024 12:14 AM IST

രാവിലെ പതിനൊന്നു മണിക്ക് ഇത്തിരി അണ്ടിപ്പരിപ്പ്,​ കുറച്ച് ഉണക്കമുന്തിരി,​ രണ്ട് ഈന്തപ്പഴം- ഇത്രയും കഴിക്കും. ഉച്ചയ്ക്ക് മുട്ടനാടിന്റെ ഇറച്ചികൊണ്ടുള്ള മട്ടൺ ബിരിയാണി. അതു കൂടി കഴിച്ച് പാണക്കാട് തങ്ങളെ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തി എല്ലാവരും പിരിയും. മുസ്ലിം ലീഗിന്റെ കമ്മിറ്റി കൂടുന്നതിനെ ധനാഭ്യർത്ഥന ചർച്ചയിൽ ഇങ്ങനെ പരിഹസിച്ചത് കെ,​ ബാബുവാണ് (നെന്മാറ). മത്രമല്ല,​ ലീഗിന്റെ പേരിലും ബാബു ഒരു പരിഷ്കാരം വരുത്തി- ഇന്ത്യൻ യൂണിയൻ മലപ്പുറം ലീഗ് (ഐ.യു.എം.എൽ)​ എന്ന്! തിരഞ്ഞെടുപ്പ് അവലോകനത്തിന് തന്റെ പാർട്ടിയുടെ യോഗം ചേരുന്നത് ഇങ്ങനെയല്ലെന്ന് സമർത്ഥിക്കാനായിരുന്നു ബാബുവിന്റെ ഈ പരിഹാസം.

പൊതുമരാമത്ത് ,​ വിനോദസഞ്ചാരം ,​ ഭക്ഷ്യം വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയായതിനാലാവണം സനീഷ് കുമാർ ജോസഫ് ,​ മന്ത്രി മുഹമ്മദ് റിയാസിനെയാണ് അട്ടക്കട്ടം അങ്ങ് പിടിച്ചത്. മന്ത്രിമാരുടെ തള്ളിനെക്കുറിച്ചാണ് സനീഷ് കുമാറിന് പരാതി. 'മന്ത്രിമാർ തള്ളോട് തള്ള്,​ കാര്യങ്ങൾ ഒന്നും നടക്കുന്നുമില്ല." കുട്ടനാട്ടുകാരന്റെ എല്ലാ ശുദ്ധതയുമുള്ള തോമസ് കെ. തോമസിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ എവിടെ തുടങ്ങും,​ എവിടെ എത്തി നിൽക്കും എന്നൊന്നും ആർക്കും നിശ്ചയിക്കാനാവില്ല.

കുട്ടനാട്ടിലെ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതാണ് തോമസ് കെ. തോമസിന്റെ വിങ്ങൽ. ഒരു അന്തവും കുന്തവുമില്ലാതെ ആ വിങ്ങൽ ഇന്നലെ പുറത്തുവന്നു. കേരളത്തിന് തരേണ്ട പണം തരാത്ത കേന്ദ്രസർക്കാരിന്റെ നിഷേധസമീപനമാണ് കർഷകരുടെ പണം കിട്ടാതിരിക്കാനുള്ള കാരണമെന്ന രാഷ്ട്രീയ തിരിച്ചറിവും അദ്ദേഹത്തിനുണ്ട്. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ നല്ല മന്ത്രിയാണെന്ന് പുകഴ്ത്താനും തോമസ് മടിച്ചില്ല. തൊട്ടു പിന്നാലെ,​ കർഷകർക്ക് നെല്ലിന്റെ പണം കിട്ടിയില്ലെങ്കിൽ നല്ല മന്ത്രിയാണെന്നു പറഞ്ഞിട്ട് കാര്യമില്ലെന്ന അനുബന്ധ പരാമർശം കൂടി വന്നപ്പോൾ ഭരണപക്ഷ അംഗങ്ങളുടെ ചിരി ഒന്നുമങ്ങി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ച ആലപ്പുഴയിലെ ഹൗസ് ബോട്ട് ടെർമിനൽ ശവകുടീരം പോലെ നിൽക്കുകയാണെന്ന് ടൂറിസം മന്ത്രിയെ അറിയിച്ച തോമസ്,​ ടെർമിനൽ കൈനകരി പഞ്ചായത്തിന് വിട്ടുകൊടുക്കണമെന്ന നിർദ്ദേശവും വച്ചു. ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ കുട്ടനാട്ടിൽ കിട്ടിയ പാലങ്ങളുടെ കണക്ക് അദ്ദേഹം പറഞ്ഞത് ആലപ്പുഴയിൽ നിന്നുള്ള സി.പി.എം അംഗങ്ങൾക്ക് അത്ര രുചിച്ചുകാണില്ല. ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയും ധനമന്ത്രിയും നല്ല മന്ത്രിമാരാണെന്നും പ്രശംസിച്ച തോമസ് കെ. തോമസ്,​ വി.എസ് സർക്കാരിൽ പൊതുമരാമത്തിന്റെ ചുമതലയുണ്ടായിരുന്ന മോൻസ് ജോസഫ് മികച്ച മന്ത്രിയായിരുന്നെന്നു കൂടി തട്ടിവിട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിരമിക്കുന്ന പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാൻ ജി.എസ്. ജയലാൽ,​ പുരാണത്തിൽ പറയുന്ന ചന്ദ്രവംശ ഭരണാധികാരി നഹുഷ രാജാവിനെയാണ് സഭയിൽ ഇറക്കിയത്. ഭരണാധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച നഹുഷൻ,​ ജ്ഞാനികളായ മഹർഷിമാരെക്കൊണ്ട് തന്റെ പല്ലക്ക് ചുമപ്പിച്ചതും, പൊക്കം കുറഞ്ഞ അഗസ്ത്യമുനിയെ ആക്ഷേപിച്ചതുമൊക്കെ ഒരു കാഥികന്റെ മട്ടിൽ വിശദമാക്കി. മുനിശാപമേറ്റ നഹുഷന്റെ ഗതി പ്രതിപക്ഷത്തിന് ഉണ്ടാവരുതെന്ന നല്ല ഉദ്ദേശ്യത്തിലാണ് ജയലാൽ ഈ കഥ ഓർത്തെടുത്തത്.

കാഫിർ പ്രയോഗത്തിന്റെ ഉപജ്ഞാതാവിനെ കണ്ടെത്താൻ കഴിയാത്തതിലാണ് ടി. സിദ്ദിഖിന്റെ രോഷം. മുടക്കോഴി മലയിൽ പോയി കൊടിസുനിയെയും കൂട്ടരെയും പിടികൂടാൻ നേതൃത്വം നൽകിയ തിരുവഞ്ചൂരിന്റെ കൈയിൽ പത്തു മിനിട്ട് ആഭ്യന്തര വകുപ്പ് ഏല്പിച്ചാൽ ഉപജ്ഞാതാവിനെ കണ്ടെത്തുമെന്ന് സിദ്ദിഖ് ആവേശത്തോടെ പറഞ്ഞപ്പോൾ,​ തിരുവഞ്ചൂർ പോലും മനസിൽ ചിരിച്ചിട്ടുണ്ടാവും. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന മുദ്രാവാക്യം ഇപ്പോൾ ഇടത് ഉണ്ടെങ്കിലേ ബി.ജെ.പി ഉണ്ടാവൂ എന്ന് മാറിയെന്നും തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കു നിരത്തി സിദ്ദിഖ് പരിഹസിച്ചു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചേലക്കര അംഗം കെ. രാധാകൃഷ്ണന്റെ രാജി സ്വീകരിച്ചത് ശൂന്യവേളയ്ക്കു മുമ്പാണ് സ്പീക്കർ എ.എൻ. ഷംസീർ സഭയെ അറിയിച്ചത്.

Advertisement
Advertisement