അമ്മയ്ക്ക് 30 വയസ് മൂന്നാം തവണയും മോഹൻലാൽ

Thursday 20 June 2024 12:22 AM IST

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ മോഹൻലാൽ തുടരും. ഇൗ പദവിയിൽ മോഹൻലാലിന് മൂന്നാം ഊഴമാണ്. അതേസമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്ക് തിരഞ്ഞെടുപ്പ് ഇൗമാസം 30ന് നടക്കും.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ്. വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങൾ അമ്മയിലുണ്ട്. 2018 ൽ ആണ് അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തുന്നത്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ മോഹൻലാൽ അമ്മയെ നയിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഉയർന്നു. ഗണേഷും മുകേഷുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിനെതിരെ ആരും മത്സരിക്കാനില്ലാത്തതിനാൽ ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമില്ല. താൻ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതൽ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടിൽ നിന്നാണ് ഇടവേളയെടുക്കുന്നത്.ഇത്തവണ

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം എന്നാണ് വിലയിരുത്തൽ. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു. ഉണ്ണി മുകുന്ദൻ ആണ് പുതിയ ട്രഷറർ.

Advertisement
Advertisement