എതിരില്ലാതെ അല്ല; മൂന്ന് പേർ മോഹൻലാലിനെതിരെ മത്സരിക്കാൻ തയ്യാറായിരുന്നു, പിന്നീട് പിന്മാറി

Wednesday 19 June 2024 7:37 PM IST

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മൂന്നാം തവണയും നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ‌ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരികളില്ലായിരുന്നു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഇനി മത്സരം. രണ്ട് പതിറ്റാണ്ടിലേറെയായി അമ്മയുടെ ജനറൽ സെക്രട്ടറി പദത്തിലിരുന്ന ഇടവേള ബാബുവിന് പകരം സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരംഗത്തുള്ളത്.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ മോഹൻലാലിനെതിരെ മത്സരിക്കാൻ തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാൽ , സംഘടനയിൽ നിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്ന് മൂവരും പിന്മാറുകയായിരുന്നത്രേ. താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിട്ടില്ലെന്നാണ് ജയൻ ചേർത്തല പ്രതികരിച്ചത്.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരും മൽസരിക്കും.

പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്ക് പന്ത്രണ്ട് പേർ പത്രിക നൽകി. അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റൊണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹൻ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മൽസരിക്കുന്നത്. ഈ മാസം 30-നാണ് അമ്മ വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും.

Advertisement
Advertisement